'ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ'; സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ബാനർ

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു

പത്തനംതിട്ട: എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്റര്‍. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റര്‍. പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ 681 നമ്പര്‍ ളാക്കൂര്‍ കരയോഗത്തിന് സമീപമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്' എന്ന് പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലായിരുന്നു ബാനര്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബകാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തിയെന്നുമായിരുന്നു ബാനര്‍.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി.

കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അതേസമയം, ജി സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ ആശങ്കയിലാണ് യുഡിഎഫ്.

Content Highlights: Banner Protest Against Nss G sukumaran Nair Against Pathanamthitta

To advertise here,contact us