പാലക്കാട്: കെപിസിസി വര്ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില് എംപിക്കെതിരായ സിപിഐഎം ആരോപണത്തിനെതിരെ പരാതി നല്കി പാലക്കാട് ബ്ലോക്ക് കോണ്ഗ്രസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി എ എന് സുരേഷ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്കിയിരിക്കുന്നത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് ബ്ലോക്ക് കോണ്ഗ്രസ് നേതാക്കള് പരാതി നല്കിയത്.
അതേസമയം ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണത്തില് ഉറച്ചുനില്ക്കുന്നുവെന്നാണ് ഇ എന് സുരേഷ് ബാബു ഇന്നും വ്യക്തമാക്കിയത്. പറഞ്ഞതൊന്നും മാറ്റി പറയുന്നില്ല. അതെല്ലാം അവിടെ തന്നെ നില്ക്കുകയാണ്. കോണ്ഗ്രസുകാര്ക്ക് പരാതി നല്കുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനാവശ്യമായി കോലിട്ട് ഇളക്കാന് വന്നാല് അതിന്റെ വലിയ പ്രത്യാഘാതം ആരാണ് നേരിടേണ്ടിവരികയെന്ന് നിങ്ങള് മനസിലാക്കണമെന്നും സുരേഷ് ബാബു ഭീഷണിപ്പെടുത്തിയിരുന്നു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാല് ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കുമെന്നും സ്ത്രീ വിഷയത്തില് രാഹുലിന്റെ ഹെഡ്മാസ്റ്റര് ആണ് ഷാഫി പറമ്പിലെന്നായിരുന്നു സുരേഷ് ബാബുവിന്റെ ആരോപണം. ഷാഫി മാത്രമല്ല കോണ്ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില് രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന് രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില് കേറി കൊത്തിയപ്പോള് സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില് മുസ്ലിം ലീഗാണ് അവര്ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. സമയമാകുമ്പോള് ഷാഫിക്കെതിരെ തെളിവുകള് പുറത്തുവിടുമെന്ന വെല്ലുവിളിയും അദ്ദേഹം ഉയര്ത്തിയിരുന്നു.
എന്നാല് തനിക്കെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന് സുരേഷ് ബാബു നടത്തിയത് ആരോപണമല്ല അധിക്ഷേപമാണെന്നായിരുന്നു ഷാഫി പറമ്പില് പ്രതികരിച്ചത്. അധിക്ഷേപവും വ്യക്തിഹത്യയുമാണോ 2026 ഇടതുപക്ഷത്തിന്റെ പ്രചാരണ ആയുധമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇങ്ങനെയുള്ള കാര്യങ്ങള് പറഞ്ഞാണോ അടുത്ത തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്ന് സിപിഐഎം വ്യക്തമാക്കണം. സുരേഷ് ബാബുവിന് മറുപടി നല്കേണ്ടത് താനല്ല സിപിഐഎം നേതൃത്വമാണ്. നിയമനടപടിയെക്കുറിച്ച് ആലോചിക്കും. അതേ ഭാഷയില് താന് മറുപടി പറയുന്നില്ല. ഇതാണോ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ. സുരേഷ് ബാബു മറുപടി പോലും അര്ഹിക്കുന്നില്ലെന്നും ഷാഫി പറമ്പില് പറഞ്ഞിരുന്നു.
Content Highlights: allegation against Shafi Parambil Palakkad Block Congress complaints