കണ്ണൂര്: കണ്ണൂര് പരിയാരം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂര്കോണം സ്വദേശി എ ബാബു പിടിയില്. കണ്ണൂര് എളമ്പേറ്റില് നിന്നാണ് ഇയാള് പിടിയിലായത്. പരിയാരത്ത് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ബാബു രക്ഷപ്പെട്ടത്.
സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില് പ്രതിയാണ് തീവെട്ടി ബാബു. പയ്യന്നൂരില് നിന്ന് മോഷണക്കേസില് പിടികൂടിയ ബാബുവിനെ ആരോഗ്യാവസ്ഥ മോശമായതിനാല് പരിയാരം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില് പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് പ്രതി ചാടിപ്പോയത്.
ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രതിയെ നിരീക്ഷിക്കാന് നിയോഗിച്ചിരുന്നത്. ചികിത്സയ്ക്കിടെയാണ് ഇയാള് ആശുപത്രിയില് നിന്ന് രക്ഷപ്പെട്ടത്. ഇയാള്ക്കായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഭരണങ്ങാനം, പുതുക്കുളം ഉള്പ്പെടെ തെക്കന്ജില്ലകളിലും കണ്ണൂര്, കാസര്കോട് ജില്ലകളിലായി നിരവധി മോഷണം കേസുകളില് ഇയാള് പ്രതിയാണ്.
Content Highlights- Theevetti babu captured by police after he escaped from pariyaram medical college