കല്പറ്റ: എന് ഡി അപ്പച്ചന്റെ രാജിക്ക് പിന്നാലെ ടി ജെ ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഐസക്കിനെ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവില് കല്പറ്റ മുനിസിപ്പാലിറ്റി ചെയര്മാനാണ് ടി ജെ ഐസക്. അപ്പന്റെ രാജിക്ക് പിന്നാലെ ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്കിയിരുന്നു.
എമിലി ഡിവിഷനില് നിന്നുള്ള കൗണ്സിലറാണ് ടി ജെ ഐസക്. പതിമൂന്ന് വര്ഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്ഗ്രസ് കല്പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്ഗ്രസ് ജനറല് സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്. എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് ഐസക്. ടി സിദ്ദിഖ് എംഎല്എയുടെ പിന്തുണയും ഐസക്കിനുണ്ടായിരുന്നു.
ഇന്നായിരുന്നു വയനാട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന് ഡി അപ്പച്ചന് രാജിവെച്ചത്. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണങ്ങള് ഉയര്ന്നതിന് പിന്നാലെയാണ് അപ്പച്ചന് രാജിവെച്ചത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം എന് ഡി അപ്പച്ചന്റെ രാജി ചോദിച്ചുവാങ്ങിയതെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
Content Highlights- T J Issac selected as new dcc president in wayanad