കൊല്ലം: കൊല്ലം പുനലൂരില് റബ്ബര് തോട്ടത്തില് ചങ്ങലയില് ബന്ധിച്ച നിലയില് മൃതദേഹം കണ്ടെത്തിയ സംഭവത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു. കേസിന്റെ അന്വേഷണച്ചുമതല പുനലൂര് പൊലീസ് സബ് ഡിവിഷൻ തലത്തില് രൂപീകരിക്കുമെന്ന് റൂറല് എസ്പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു. മൃതദേഹത്തിന്റെ കഴുത്തില് നിന്ന് ലഭിച്ച സ്വര്ണമാല വാങ്ങിയ സ്ഥാപനത്തെപ്പറ്റി സൂചന ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. കൈകാലുകള് ചങ്ങലയില് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇത്രയും ഉയര്ന്ന പ്രദേശത്ത് എത്തിച്ച് കൊലപാതകം നടത്തിയതില് ഒന്നിലധികം പേരുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്.
ജീര്ണിച്ച നിലയില് കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണ് എന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. ഇടതുകാലിന് അംഗവൈകല്യമുളള മധ്യവയസ്കനാണെന്നും കൊലപാതകമാണുണ്ടായതെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്. വാരിയെല്ലില് ആഴത്തിലുളള കുത്തേറ്റിട്ടുണ്ട്. തലയ്ക്കും മുറിവേറ്റിട്ടുണ്ട്. വാരിയെല്ലിനും തലയ്ക്കും ഏറ്റ മുറിവാണ് മരണകാരണം. കത്തി ഉപയോഗിച്ചാണ് മുറിവേല്പ്പിച്ചത്. മൃതദേഹത്തിന് അഞ്ചുദിവസം പഴക്കമുണ്ടെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന് അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചങ്ങലയില് ബന്ധിപ്പിച്ച് കൊലപാതകം നടത്തുകയായിരുന്നു അതോ കൊന്നതിനുശേഷം ചങ്ങലയില് ബന്ധിപ്പിച്ചതാണോ എന്നതടക്കമുളള കാര്യങ്ങള് ഇനി കണ്ടെത്തേണ്ടതുണ്ട്. കൂടുതല് തെളിവുകള് ശേഖരിക്കാനായി വിരലടയാള വിദഗ്ധരും മെറ്റല് ഡിറ്റക്ടര് സംഘവും ഫോറന്സിക് സംഘവും സ്ഥലത്തെത്തിയിരുന്നു.സെപ്റ്റംബർ 23-നാണ് പുനലൂര് മുക്കടവിൽ കൈകാലുകള് ചങ്ങലയില് ബന്ധിച്ച നിലയില് മൃതദേഹം കണ്ടെത്തിയത്. പിറവന്തൂര് പഞ്ചായത്തിലെ വന്മിള വാര്ഡില് മലയോര ഹൈവേയില് നിന്നും അര കിലോമീറ്റര് അകലെയാണ് മൃതദേഹം കണ്ടത്.
Content Highlights: Special investigation team to be formed in Incident of body found chained in Punalur