ആലപ്പുഴ: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്. ജെയ്നമ്മ കൊലക്കേസില് ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന് കുറ്റസമ്മതം നടത്തിയത്. സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി കോടതിയില് ഹാജരാക്കി.
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സെബാസ്റ്റ്യനായുള്ള കസ്റ്റഡി അപേക്ഷ നല്കിയത്. കൊലപാതകത്തിന്റെ തെളിവിന് വേണ്ടി സെബാസ്റ്റ്യനെ വേളാങ്കണ്ണിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അസ്ഥികഷ്ണങ്ങള് വേളാങ്കണ്ണിയില് ഉപേക്ഷിച്ചതായാണ് സൂചന.
ബിന്ദു കൊല്ലപ്പെട്ടതായി ചേര്ത്തല മജിസ്ട്രേറ്റ് കോടതിയില് ക്രൈംബ്രാഞ്ച് റിപ്പോര്ട്ട് നല്കിയിരുന്നു. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന് സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ജയ ആള്മാറാട്ടം നടത്തിയാണ് ബിന്ദു എന്ന പേരില് സ്വത്ത് തട്ടാന് സെബാസ്റ്റിനെ സഹായിച്ചത്. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്സാനക്കും കേസില് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്. ചില പേപ്പറുകളില് റുക്സാനയും ഒപ്പിട്ടെന്നാണ് വിവരം. സാമ്പത്തിക തര്ക്കത്തെ തുടര്ന്ന് പിന്നീട് ജയയും റുക്സാനയും സെബാസ്റ്റ്യന്റെ വീട്ടില് എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
ബിന്ദു പത്മനാഭന് കേസില് അന്വേഷണത്തില് അട്ടിമറി നടന്നതായി സഹോദരന് പ്രവീണ് ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില് പ്രതി സെബാസ്റ്റ്യനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും തെളിവുകള് സഹിതം പരാതിയിട്ടും പൊലീസ് എഫ്ഐആര് ഇട്ടത് 70 ദിവസങ്ങള്ക്ക് ശേഷമാണെന്നുമായിരുന്നു പ്രവീണ് ആരോപിച്ചത്.
2016 ലാണ് ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി ആഭ്യന്തരവകുപ്പിന് ലഭിക്കുന്നത്. പിന്നീട് ആഭ്യന്തര വകുപ്പില് നിന്ന് നേരിട്ട് ഫയല് നമ്പര് ഇട്ടാണ് പരാതി താഴേക്ക് വന്നത്. എന്നിട്ടും പട്ടണക്കാട് പൊലീസ് എഫ്ഐആര് ഇടുന്നത് 70 ദിവസങ്ങള്ക്ക് ശേഷം. അതും കഴിഞ്ഞ് മാസങ്ങള്ക്ക് ശേഷമാണ് സെബാസ്ററ്യനെ അറസ്റ്റ് ചെയ്യുന്നതെന്നും പ്രവീണ് പറഞ്ഞിരുന്നു.
Content Highlights: Sebastian confess he killed Bindu Pathmanabhan