ശബരിമല ദേവസ്വത്തിന് കീഴില്‍,കേന്ദ്രം ഏറ്റെടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനമനസിലാകുന്നില്ല:പിഎസ് പ്രശാന്ത്

ആഗോള അയ്യപ്പ സംഗമത്തില്‍ ശരണം വിളിച്ചപ്പോള്‍ മുഷ്ടി ഉയര്‍ത്തിയതിലും പ്രശാന്ത് വിശദീകരണം നല്‍കി

പത്തനംതിട്ട: ശബരിമല കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഹിന്ദു റിലീജ്യസ് ആക്ട് പ്രകാരമാണ് ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നത്. ദേവസ്വത്തിന് കീഴിലാണ് ശബരിമല ക്ഷേത്രമെന്നും എന്ത് അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി അങ്ങനെ പറഞ്ഞതെന്ന് മനസിലാവുന്നില്ലെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

'ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രമാണ് ശബരിമല. അന്തിത്തിരി തെളിയാത്ത ക്ഷേത്രങ്ങള്‍ക്കും ശബരിമലയുടെ വരുമാനം ലഭിക്കുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ആശങ്കയില്‍ ആഴ്ത്തുന്ന പ്രസ്താവനയാണിത്', അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തില്‍ ശരണം വിളിച്ചപ്പോള്‍ മുഷ്ടി ഉയര്‍ത്തിയതിലും പ്രശാന്ത് വിശദീകരണം നല്‍കി.

'ഞാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ ശേഷം വിശ്വാസി ആയ ആള്‍ അല്ല. എന്റെ വിശ്വാസം എന്റെ ബോധ്യമാണ്. അറിയാതെയെങ്കിലും അങ്ങനെ കൈ പൊങ്ങിയതില്‍ വിഷമമുണ്ട്. അത് മനപ്പൂര്‍വം ചെയ്തതല്ല. അറിയാതെയാണെങ്കിലും അങ്ങനെ ചെയ്തതില്‍ വിഷമമുണ്ട്', അദ്ദേഹം പറഞ്ഞു. പന്തളത്ത് വെച്ച് നടത്തിയ സംഗമത്തിലെ വിദ്വേഷ പരാമര്‍ശങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന രണ്ട് മുഖ്യമന്ത്രിമാരെ വലിയ രീതിയില്‍ അധിക്ഷേപിച്ചെന്നും കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിക്ക് തന്നെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: PS Prasanth about Sabarimala controversies

To advertise here,contact us