തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയുടെ നെഞ്ചില് കുടുങ്ങിയ ഗൈഡ് വയര് പുറത്തെടുക്കുന്നത് ദുഷ്കരമെന്ന് ആരോഗ്യ വിദഗ്ധർ. സര്ജറിക്കിടയില് രക്തക്കുഴലുകള് പൊട്ടാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്. ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തും. മെഡിക്കല് ബോര്ഡ് യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഗൈഡ് വയര് ഹൃദയത്തിന്റെ ധമനിയോട് ഒട്ടിച്ചേര്ന്നു കിടക്കുകയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച് സുമയ്യയും കുടുംബവും പരാതി നല്കിയത്. വിഷയത്തില് ജില്ലാ മെഡിക്കല് ഓഫീസര് ഇടപെട്ടിരുന്നു. ജനറല് ആശുപത്രി അധികൃതരോട് റിപ്പോര്ട്ട് തേടുകയും ചെയ്തു.
2023 മാര്ച്ചിലായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ചെയ്തത്. ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം എട്ട് ദിവസം തീവ്രപരിചണ വിഭാഗത്തില് കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള് ഇട്ടിരുന്നു. ശസ്ത്രക്രിയയുടെ മുറിവുകള് ഉണങ്ങിയപ്പോള് ഡിസ്ചാര്ജ് ചെയ്തു. ഇതിന് ശേഷം സുമയ്യയ്ക്ക് വലിയ രീതിയില് ശ്വാസ തടസ്സവും കിതപ്പും അനുഭവപ്പെടുകയായിരുന്നു.
2025 മാര്ച്ചില് കഫക്കെട്ട് വന്നപ്പോള് വീടിനടുത്തുള്ള ക്ലിനിക്കില് പോയി. അവിടുത്തെ ഡോക്ടര് പറഞ്ഞതനുസരിച്ച് എക്സറെ എടുത്തപ്പോഴാണ് നെഞ്ചില് വയര് കുടുങ്ങിയതാണെന്ന് വ്യക്തമായത്. തുടര്ന്ന് ശസ്ത്രക്രിയ നടത്തിയ രാജീവ് ഡോക്ടറെ സമീപിച്ചു. കീഹോൾ ശസ്ത്രക്രിയയിലൂടെ വയർ എടുത്തുനല്കാമെന്നായിരുന്നു ഡോക്ടര് ആദ്യം പറഞ്ഞത്. എന്നാല് ഡോക്ടര് പിന്നീട് നിലപാട് മാറ്റുകയായിരുന്നു.ഡോക്ടര് രാജീവിനെ ആരോഗ്യ വിഭാഗം ഡയറക്ടര് അടക്കം സംരക്ഷിക്കുകയാണെന്നും ഇതില് എന്തൊക്കെ ചെയ്യാന് സാധിക്കുമോ അതെല്ലാം ചെയ്യും. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുമയ്യ വ്യക്തമാക്കിയിരുന്നു.
Content Highlights: it will be difficult to remove the guide wire stuck in the young woman's chest says medical experts