തൃശ്ശൂർ: ഷാഫി പറമ്പിൽ എംപിക്കെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞത് ആരോപണമല്ല ആധിക്ഷേപമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത്രയ്ക്ക് അസംബന്ധമാണ് പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. ഷാഫി പറമ്പിൽ പരാതി കൊടുക്കുമെന്നാണ് കരുതുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും ആ സ്ഥാനത്തുനിന്ന് പുറത്താക്കുകയും വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആർക്കെതിരെയും എന്തും പറയാൻ കുറേ ആളുകളെ ഇറക്കി വിട്ടിരിക്കുകയാണ് സിപിഐഎമ്മെന്നും വി ഡി സതീശൻ പറഞ്ഞു. സുരേഷ് ബാബുവിനെതിരെ സിപിഐഎം നടപടി എടുക്കുമോ ഇല്ലയോ എന്ന് നോക്കാമെന്നും വി ഡി സതീശൻ പ്രതികരിച്ചു.
പറവൂരിലെ സിപിഐഎം നേതാവിനെതിരെ ഉയർന്ന ആരോപണങ്ങൾ സിപിഐഎമ്മുകാർ തന്നെയാണ് പുറത്തുവിട്ടതെന്നും അതിൽ തങ്ങൾക്ക് പങ്കില്ലെന്നും സതീശൻ പറഞ്ഞു. സിപിഐഎമ്മിന് ഒരു നിയമവും ബാക്കിയുള്ളവർക്ക് മറ്റൊരു നിയമവുമാണെന്നതാണ് സ്ഥിതിയെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ഏറ്റവും കൂടുതൽ അധിക്ഷേപം ചൊരിഞ്ഞത് സിപിഐഎം ആണെന്നും സതീശൻ പറഞ്ഞു. ജനങ്ങൾ ഇവരെ കൈകാര്യം ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വയനാട് ഡിസിസി അധ്യക്ഷന് എന് ഡി അപ്പച്ചൻ്റെ രാജിയിലും വി ഡി സതീശൻ പ്രതികരിച്ചു. അവിടെ ഒരുപാട് വിഷയങ്ങൾ ഉയർന്നുവന്നു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് അപ്പച്ചൻ രാജിവെച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.
Content Highlight : District Secretary's allegations against Shafi are absurd; I think Shafi will file a complaint at Parambil; VD Satheesan