സുരേഷ് ഗോപി ആലപ്പുഴക്കാരെ പരിഹസിക്കരുത്; പ്രസ്താവന ശുദ്ധ വിവരദോഷം: സിപിഐഎം

സുരേഷ് ഗോപിയുടെ പരാമർശം അദ്ദേഹത്തിന്റെ പതിവു വിഡ്ഢിവേഷം കെട്ടലായി മാറുകയാണെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ കുറ്റപ്പെടുത്തി

ആലപ്പുഴ: എയിംസ് വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സിപിഐഎം. കേന്ദ്ര ആരോഗ്യവകുപ്പുമായി ബന്ധമില്ലാത്ത ഒരു സഹമന്ത്രിയായ സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് നൽകിയില്ലെങ്കിൽ തമിഴ്‌നാടിന് കൊടുക്കുമെന്നും ഭീഷണി മുഴക്കുകയാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ആരോപിച്ചു. സുരേഷ് ഗോപിയുടെ പ്രസ്താവന ശുദ്ധ വിവരദോഷമാണെന്ന് സിപിഐയും വിമർശിച്ചു.

സുരേഷ് ഗോപിയുടെ പരാമർശം അദ്ദേഹത്തിന്റെ പതിവു വിഡ്ഢിവേഷം കെട്ടലായി മാറുകയാണെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ കുറ്റപ്പെടുത്തി. സുരേഷ് ഗോപി ആലപ്പുഴയുടെ വ്യവസായരംഗത്തെക്കുറിച്ചു നടത്തിയ പ്രസ്താവന അനുചിതവും അറിവില്ലായ്മയുമാണെന്ന് സിപിഐ ജില്ലാ കമ്മിറ്റി വിലയിരുത്തി. ജില്ലയിലെ തലയെടുപ്പുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പാർട്ടി നേതാവായിരുന്ന ടി വി തോമസിന്റെയും ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടവയാണെന്ന് ജില്ലാ സെക്രട്ടറി എസ് സോളമൻ പറഞ്ഞു.

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോകാസ്റ്റ്, കയർ കോർപ്പറേഷൻ, ഫോംമാറ്റിങ്സ്‌ ഇന്ത്യ ലിമിറ്റഡ്, കേരള സ്പിന്നേഴ്‌സ്, കയർഫെഡ്, കയർ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പ്രാഥമിക കയർ സഹകരണസംഘങ്ങളും മാറ്റ്സ് ആൻഡ് മാറ്റിങ്‌സ്‌ സൊസൈറ്റികളും തുടങ്ങി ജില്ലയിലെ എല്ലാ വ്യവസായസ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവനാപൂർണമായ തീരുമാനങ്ങളുടെ സൃഷ്ടിയാണ്. കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന കയർമേഖലയെ തകർക്കുന്ന സമീപനം കൈക്കൊണ്ട് വരുന്നത് സുരേഷ് ഗോപികൂടി ഉൾപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ വികലമായ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: cpim against suresh gopi on statement about aiims

To advertise here,contact us