എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സമുദായ സംഘടനകളുമായി അഭിപ്രായ ഭിന്നതയില്ലെന്ന് സതീശൻ

എൻഎസ്എസിന്റെ നിലപാടിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു

കൊച്ചി: എൻഎസ്എസിന്റെ നിലപാടിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. എൻഎസ്എസുമായോ എസ്എൻഡിപിയുമായോ കോണ്‍ഗ്രസിന് ഒരു അഭിപ്രായ ഭിന്നതയുമില്ല. എൻഎസ്എസ് ഉൾപ്പെടെയുള്ളവർക്ക് അവരുടെ തീരുമാനമെടുക്കാം. അയ്യപ്പസംഗമത്തിന് പോയിരുന്നെങ്കിൽ പ്രതിപക്ഷം അപഹാസ്യരായേനെയെന്നും വി ഡി സതീശൻ പ്രതികരിച്ചു. എൻഎസ്എസുമായി ഒരു അഭിപ്രായ ഭിന്നതയുമില്ല. വെള്ളാപ്പള്ളി ഏറ്റവും നിന്ദ്യമായ ഭാഷയിൽ തന്നെ അപമാനിച്ചു.പക്ഷേ അവരുടെ പരിപാടിയിൽ താൻ പങ്കെടുത്തു. ഒന്നും തിരിച്ചുപറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകൾ ഓരോ സമയത്തും ഓരോ നിലപാടുകൾ സ്വീകരിക്കും. പിണറായി വിശ്വാസികളെ കബളിപ്പിച്ചു. കപട ഭക്തനായി അഭിനയിച്ചു. ഏതെങ്കിലും സമുദായ നേതാക്കളുമായി കോൺഗ്രസിനോ യുഡിഎഫ് നേതൃത്വത്തിനോ ഒരു തർക്കവുമില്ല. ശബരിമലയിൽ ആചാര സംരക്ഷണത്തിന് തങ്ങളാണ് ഉണ്ടായിരുന്നത്. വിശ്വാസികൾക്കെതിരായ കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വരാനിരിക്കെ ശബരിമലയിൽ മാസ്റ്റർ പ്ലാൻ ഉണ്ടാക്കി ജനങ്ങളെ അങ്ങ് ഞെട്ടിക്കാം എന്നാണ് സർക്കാർ കരുതുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ശബരിമല കേസുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലം പിൻവലിക്കുമോയെന്നും കേസുകൾ പിൻവലിക്കുമോയെന്നും ചോദിച്ച സതീശൻ കഴിഞ്ഞ പത്ത് വർഷമായി ശബരിമലയെ തിരിഞ്ഞു നോക്കാത്ത സർക്കാർ ഇപ്പോഴെത്തിയത് എന്തിനാണെന്നും ചോദ്യമുയർത്തി.

'പിണറായി വിജയൻ സർക്കാർ എന്താണ് ശബരിമലയ്ക്ക് വേണ്ടി ചെയ്തത്?. സമുദായ സംഘടനകൾക്ക് അവവരുടെ തീരുമാനമെടുക്കാം. പോയിരുന്നെങ്കിൽ പ്രതിപക്ഷം പരിഹാസ പാത്രമാകുമായിരുന്നു. വർഗീയവാദികളുടെ പ്രസംഗം വായിച്ച് കോൾമയിർക്കൊള്ളുന്നത് കാണേണ്ടി വരുമായിരുന്നു. യുഡിഎഫിന്റേത് രാഷ്ട്രീയ തീരുമാനം, അത് ശരിയാണ്. അതിൽ ഉറച്ചു നിൽക്കുന്നു. അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് കപടതയാണ്. മുഖ്യമന്ത്രി കപട ഭക്തനായി അഭിനയിച്ചു. എൻഎസ്എസുമായോ എസ്എൻഡിപിയുമായോ ഒരു അഭിപ്രായ ഭിന്നതയുമില്ല. കോൺഗ്രസിന് കോൺഗ്രസിന്റേതായ അഭിപ്രായമുണ്ട്. ആചാരം സംരക്ഷിക്കാൻ നിലപാടെടുത്തത് കോൺഗ്രസാണ്. പിണറായി വിജയൻ സർക്കാരാണ് ആചാര ലംഘനത്തിനായി പ്രവർത്തിച്ചത്', വി ഡി സതീശൻ പറഞ്ഞു.

2026-ലെ തോൽവി കണ്ടുള്ള വിഭ്രാന്തിയാണ് സർക്കാരിന്. രാഷ്ട്രീയമായി ശബരിമലയെ ദുരുപയോഗം ചെയ്താൽ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതികരിക്കാനിലെന്ന നിലപാടിലായിരുന്നു സതീശൻ. സസ്പെൻഡ് ചെയ്തയാളോട് പ്രതികരിക്കാൻ പാടില്ലേയെന്നും രാഹുലിനെ കണ്ടാൽ താനും സംസാരിക്കുമല്ലോയെന്നും സതീശൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ പി സരിനെ കണ്ടാലും താൻ സംസാരിക്കും. അതിൽ എന്താണ് തെറ്റുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെ കണ്ടപ്പോൾ താൻ കഴിഞ്ഞ ദിവസം കുടുംബ വിശേഷങ്ങൾ വരെ തിരക്കിയിരുന്നു. അതിൽ എന്താണ് തെറ്റെന്നും വിഡി സതീശൻ ചോദിച്ചു.

Content Highlights: Congress to persuade NSS which openly supports the government

To advertise here,contact us