തിരുവനന്തപുരം: ശബരിമല വിഷയത്തില് എന്എസ്എസിന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി എസ്എന്ഡിപി ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്ത്രീ പ്രവേശനം വന്നപ്പോള് എന്എസ്എസ് സര്ക്കാരിനെ എതിര്ത്തെന്നും സര്ക്കാര് നിലപാട് ഉപേക്ഷിച്ചപ്പോള് എന്എസ്എസും നിലപാട് മാറ്റിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'സമദൂരം ആണോ ശരിദൂരം ആണോ എന്ന് എനിക്കറിയില്ല. പ്രശ്നങ്ങള് അനുസരിച്ചാണ് നിലപാട് എടുക്കുക. സ്ത്രീ പ്രവേശനം വന്നപ്പോള് സര്ക്കാറിനെ എതിര്ത്തു. സര്ക്കാര് നിലപാട് ഉപേക്ഷിച്ചു എന്നു ബോധ്യപ്പെട്ടപ്പോള് എന്എസ്എസ് നിലപാട് മാറ്റി. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില് സര്ക്കാര് നിലപാട് മാറ്റി എന്ന് വിശ്വസിക്കാം. പഴയ ആചാരമനുസരിച്ച് പ്രവര്ത്തിക്കാന് സര്ക്കാര് തയ്യാറായി. അത് വികാരം മനസ്സിലാക്കിയാണ്', വെള്ളാപ്പള്ളി പറഞ്ഞു.
എന്എസ്എസ് എക്കാലവും സര്ക്കാര് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു എന്നു പറയാന് കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഷയാധിഷ്ഠിതമായാണ് എന്എസ്എസ് നിലപാട് സ്വീകരിക്കാറെന്നും എന്എസ്എസ് നിലപാട് വരുന്ന തെരഞ്ഞെടുപ്പില് ഇടത്പക്ഷത്തിന് ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്ഗ്രസിനോട് തനിക്ക് ഒരു കോംപ്ലക്സും ഇല്ലെന്നും തന്നെ അകത്താക്കാന് നോക്കിയവരല്ലേ അവരെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്ഗ്രസുകാര് ഇവിടെ വന്നിട്ടുണ്ടെങ്കില് പാത്തും പതുങ്ങിയുമാണ് വന്നതെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്ത്തു.
അതേസമയം ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്ക്ക് വേണ്ടിയെന്ന് എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായര് പ്രതികരിച്ചു. സര്ക്കാരില് പൂര്ണമായും വിശ്വസിക്കുന്നുവെന്നും സര്ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില് എന്തെങ്കിലും ചെയ്യാന് കഴിയുകയെന്നും സുകുമാരന് നായര് പറഞ്ഞു. ആര് എന്തെല്ലാം തീരുമാനമെടുത്താലും അവസാന തീരുമാനം സര്ക്കാരിന്റേതാണെന്ന് സുകുമാരന് നായര് പറഞ്ഞു.
Content Highlights: Vellappally Natesan welcomes NSS stand on Sabarimala