തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഇനി പുതിയ സൂപ്രണ്ട്; ഡോ. സി ജി ജയചന്ദ്രനെ നിയമിച്ചു

മുൻ സൂപ്രണ്ട് ഡോ. സുനിൽകുമാർ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഇനി പുതിയ സൂപ്രണ്ട്. ഡോ. സി ജി ജയചന്ദ്രന് സൂപ്രണ്ടായി ചുമതല നൽകി ഉത്തരവിട്ടു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗം അസോ. പ്രൊഫസറാണ് ജയചന്ദ്രൻ. മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന പരാതികൾക്കിടെയാണ് മാറ്റം. മുൻ സൂപ്രണ്ട് ഡോ. സുനിൽകുമാർ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു.

തുടർച്ചയായ വിവാദങ്ങൾക്കിടെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുനിൽ കുമാർ കത്ത് നൽകിയിരുന്നു. ചികിത്സാ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസിനെതിരെ മുൻ സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ വാർത്താ സമ്മേളനം വലിയ വിവാദമായിരുന്നു. 2024 മെയ് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടായിരുന്നു ഡോ. ബി എസ് സുനിൽകുമാർ.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തൽ. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമർശനമായിരുന്നു ഹാരിസ് ഉന്നയിച്ചത്. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തിയിരുന്നു.

Content Highlights:Thiruvananthapuram Medical College have new superintendent

To advertise here,contact us