'ഡാനിയൽ കബ്രേര കേരളത്തിന്റെ ഒരുക്കങ്ങളിലുള്ള സന്തോഷം പങ്കുവെച്ചു;റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടൻ'

കൊച്ചിയിലെ സ്റ്റേഡിയവും താമസസൗകര്യവും സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം ഡാനിയല്‍ കബ്രേര സന്ദര്‍ശിച്ചെന്നും പി രാജീവ്

കൊച്ചി: മെസിയുടെയും അര്‍ജന്റീന ടീമിന്റെയും കേരള സന്ദര്‍ശനത്തിന് മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയല്‍ കബ്രേര അറിയിച്ച വിവരം പങ്കുവെച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചിയിലെ സ്റ്റേഡിയവും താമസസൗകര്യവും സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം ഡാനിയല്‍ കബ്രേര സന്ദര്‍ശിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'കായികമന്ത്രി ശ്രീ വി അബ്ദുറഹ്‌മാനുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് കേരളത്തിന്റെ ഒരുക്കങ്ങളിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചത്. കളി കാണാന്‍ സാധിക്കാത്തവര്‍ക്കും മെസിയെ കാണാന്‍ അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടനുണ്ടാകും', മന്ത്രി പറഞ്ഞു.

ലോക ചാമ്പ്യന്മാരായ അർജന്റീനയും മെസ്സിയും കേരളത്തിൽ കളിക്കുന്നതിന്റെ ഭാഗമായി സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനായാണ് അർജന്റീന മാനേജർ മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചത്. മാനേജർക്കൊപ്പം മന്ത്രി അബ്ദുറഹിമാനും റിപ്പോര്‍ട്ടര്‍ ടിവി എം ഡി ആന്‍റോ അഗസ്റ്റിനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു ഷറഫലിയും ഗോകുലം ഗോപാലനും ഉണ്ടായിരുന്നു.

ദിവസങ്ങൾക്ക് മുൻ‌പാണ് അർജന്റീന ഫുട്ബോൾ‌ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചത്. നേരത്തെ മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത നൽകിയിരുന്നില്ല. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ‌ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: P Rajeev about Argentina team manager Hector Daniel Cabrera Kochi Visit

To advertise here,contact us