തിരുവനന്തപുരം: ഗവര്ണറുടെ അധികാര പരിധി ഉള്പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില് 'ജനാധിപത്യം; ഒരു ഇന്ത്യന് അനുഭവം' എന്ന പാഠഭാഗത്തിലാണ് ഗവര്ണറുടെ അധികാര പരിധി ഉള്പ്പെടുത്തിയിരിക്കുന്നത്. ഗവര്ണര് സംസ്ഥാനത്തിന്റെ നാമമാത്ര തലവനെന്ന് പാഠഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.
യഥാര്ത്ഥ കാര്യനിര്വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണെന്നും പുസ്തകത്തില് പറയുന്നു. ഗവര്ണര് അധികാരങ്ങള് നിര്വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ്. ഗവര്ണര്മാര് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല. ഗവര്ണര് എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല. സര്ക്കാരിയ കമ്മീഷന് സജീവ രാഷ്ട്രീയക്കാരെ ഗവര്ണര്മാരായി നിയമിക്കരുതെന്ന് ശുപാര്ശ ചെയ്തിട്ടുണ്ട്. കേന്ദ്രസര്ക്കാരുകള് ഗവര്ണര്മാര് മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളില് ഇടപെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നുവെന്നും പാഠഭാഗത്തുണ്ട്. ഗവര്ണറുടെ പ്രധാന അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. സര്ക്കാര്- ഗവര്ണര് പോര് രൂക്ഷമായതിനെ തുടര്ന്ന് ഗവര്ണറുടെ അധികാരപരിധികള് പാഠ പുസ്തകത്തില് ഉള്പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി അറിയിച്ചിരുന്നു.
ഗവര്ണര് സ്ഥാനത്തേയ്ക്ക് എത്തിയ തുടക്ക കാലത്ത് ആര്ലേക്കറും സര്ക്കാരും തമ്മില് വലിയ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ആര്എസ്എസ് പരിപാടികളില് സ്ഥാപിക്കുന്ന കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം രാജ്ഭവനില് ഉപയോഗിച്ചതോടെയായിരുന്നു സര്ക്കാരും ഗവര്ണറും തമ്മില് ആദ്യം ഉടക്കിയത്. ഇത് വലിയ പ്രശ്നങ്ങള്ക്ക് വഴിവെച്ചിരുന്നു. കേരള സര്വകലാശാലയിലെ പരിപാടിയിലും ഗവര്ണര് ഇതേ ചിത്രം ഉപയോഗിച്ചതോടെ സര്ക്കാരും ഗവര്ണറും കൂടുതല് അകന്നു. ഇതിന് പിന്നാലെയാണ് വൈസ് ചാന്സലര് നിയമനം, ബില്ലുകള് ഒപ്പിടുന്നതിലെ കാലതാമസം അടക്കമുള്ള വിഷയങ്ങളില് ഗവര്ണര്-സര്ക്കാര് പോര് മുറുകിയത്. ഇതിനിടെയാണ് ഗവര്ണറുടെ അധികാരപരിധികള് പാഠ പുസ്തകത്തില് ഉള്പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്കുട്ടി വ്യക്തമാക്കിയത്.
Content Highlights- Kerala government include jurisdiction of governor in 10th class social science book