കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്യുന്നു, ഹാജരായത് പൊലീസ് സംരക്ഷണയില്‍

ആലുവ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പൊലീസ് സംരക്ഷണത്തിലാണ് ഹാജഹാന്‍ ചോദ്യം ചെയ്യലിന് ഹാജരായത്

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി യൂട്യൂബര്‍ കെ എം ഷാജഹാന്‍. ആലുവയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍. ആലുവ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പൊലീസ് സംരക്ഷണത്തിലാണ് ഹാജഹാന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

കേസില്‍ ഇന്നലെ ഹാജരാകാനായിരുന്നു കെ എം ഷാജഹാനും മറ്റൊരു പ്രതിയായ സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇരുവരും ഹാജരായിരുന്നില്ല. ഇന്നലെ രാവിലെ 10 ന് ഗോപാലകൃഷ്ണനോടും 2 ന് മുന്‍പ് ഷാജഹാനോടും ഹാജരാകാനായിരുന്നു നിര്‍ദേശം. തിങ്കളാഴ്ച ഇരുവരുടെയും വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.

തങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഷാജഹാന്‍ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ എംഎല്‍എമാരായ പി വി ശ്രീനിജന്‍, ആന്റണി ജോണ്‍, കെ ജെ മാക്‌സി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബിലൂടെ വാസ്തവ വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് എംഎല്‍എമാര്‍ പരാതി നല്‍കിയത്.

Content Highlights: k j shine teacher Cyber attack KM Shahjahan is being questioned

To advertise here,contact us