തിരുവനന്തപുരം: പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തില് ദുരൂഹതയെന്ന് കുടുംബം. പേരൂര്ക്കട ക്യാമ്പില് വെച്ച് ആനന്ദ് ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് അമ്മ ചന്ദ്രിക റിപ്പോര്ട്ടറിനോട് പറഞ്ഞു. ശരീരത്തിലെ മുറിവുകളില് സംശയമുണ്ടെന്നും ജുഡീഷ്യല് അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു.
'ക്രൂരമായി കുട്ടിയെ പീഡിപ്പിച്ചു. അവന് സ്വന്തമായി ഇതൊന്നും ചെയ്യില്ല. മൂന്ന് സാറുമാര് അവനെ ടോര്ച്ചര് ചെയ്യുകയാണെന്ന് അവന് പറഞ്ഞിട്ടുണ്ട്. എന്റെ കൊച്ചിനെ കാണാന് ചെന്നപ്പോള് അടുത്ത് പൊലീസുകാര് നില്ക്കുകയായിരുന്നു. അവരെ പേടിച്ച് ഒന്നും പറയാത്തതായിരിക്കും. ബിപിന് എന്ന സാര് ക്രൂരമായി ഉപദ്രവിച്ചെന്ന് അവന് പറഞ്ഞിരുന്നു. അവന് ആത്മഹത്യ ചെയ്യില്ല. നമ്മുടെ കൊച്ചിനെ താഴ്ത്തിക്കെട്ടാനല്ലേ കാണിക്കുകയുള്ളു', അമ്മ പറഞ്ഞു.
താഴ്ന്ന ജാതിക്കാരെ അടിച്ചമര്ത്തുകയാണ് ചെയ്യുന്നതെന്ന് ആനന്ദിന്റെ സഹോദരനും പറഞ്ഞു. ഇനി അവന് ആത്മഹത്യ ചെയ്താലും അതിന് കാരണമെന്താണെന്നും സഹോദരന് ചോദിച്ചു. ആനന്ദ് മാനസിക രോഗിയണെന്നാണ് പറയുന്നതെന്നും അങ്ങനെയൊരാളെ എന്തിനാണ് പിഎസ്സി വഴി ജോലിക്ക് കയറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ആനന്ദിന്റെ മരണത്തില് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി വിജു കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്യാമ്പിലെ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും.
തിരുവനന്തപുരം പേരൂര്ക്കട എസ്എപി ക്യാമ്പിലാണ് ആനന്ദിനെ മരിച്ച നിലയില് കണ്ടെത്തിയത്. സെപ്റ്റംബര് 18നായിരുന്നു സംഭവം. അതിനു രണ്ടുദിവസം മുന്പേ ആനന്ദ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന് ശ്രമിച്ചിരുന്നു. തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്ന്ന് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തില് തുടരുകയുമായിരുന്നു. ഇതിനിടെയാണ് ആനന്ദ് തൂങ്ങി മരിച്ചത്.
Content Highlights: Family of Police trainee Anandh who died at Police Camp raised concerns about the death