ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രത്തിൽ നാല് പ്രതികൾ, പണം പങ്കിട്ടെടുത്തു

ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തിൽ

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാർ പണം പങ്കിട്ടെടുത്തു. നാല് പ്രതികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികൾ.

കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. ദിയ കൃഷ്‌ണ നടത്തുന്ന ആഭരണക്കടയായ 'ഒ ബൈ ഓസി'യിലെ ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഇതിൽ കേസെടുത്തതിന് പിന്നാലെ ജീവനക്കാർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. സംഭവം ചർച്ചയായതോടെ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് രീതി ജീവനക്കാരികൾ ക്രൈംബ്രാഞ്ചിനോട് വിവരിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചിരുന്നു. ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ജീവനക്കാരികളായിരുന്ന വിനീത, രാധകുമാരി എന്നിവർ ക്രൈംബ്രാഞ്ചിനോട് പങ്കുവെച്ചത്. മെഷീൻ ഉപയോഗിച്ചുള്ള ക്യൂ ആർ കോഡിൽ കൃത്രിമം കാണിച്ചതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇവർ വ്യക്തമാക്കിയത്.

ദിയയുടെ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന ബില്ലിൽ കസ്റ്റമറുടെ പേരും ഫോൺ നമ്പറും വയ്ക്കാറില്ലെന്നാണ് വീഡിയോയിൽ ജീവനക്കാരി പറഞ്ഞിരുന്നത്. ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത് ദിയയാണെന്നും കസ്റ്റമർ സെലക്ട് ചെയ്യുന്ന ആഭരണത്തിന്റെ ചിത്രം ദിയയ്ക്ക് അയക്കുമ്പോൾ വില നിശ്ചയിച്ച് ദിയ മറുപടി നൽകുമെന്നും ജീവനക്കാരി പറയുന്നു. യഥാർത്ഥ വില അറിയുന്നതിനുള്ള ബാർകോഡ് ബില്ലിൽ ഉൾപ്പെടുത്തില്ലെന്നും ഇവർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു.

Content Highlights: Crime Branch prepares chargesheet in Diya Krishna's financial fraud case

To advertise here,contact us