ശബ്ദരേഖ വിവാദം; ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

ശബ്ദരേഖ വിവാദത്തില്‍ ശരത്തില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇത് തൃപ്തികരമല്ലെന്നാണ് വിവരം

തൃശൂര്‍: ശബ്ദരേഖ വിവാദത്തില്‍ സിപിഐഎമ്മില്‍ നടപടി. ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. ഒപ്പം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് ആരോപിക്കുന്നതായിരുന്നു ശരത്തിന്റേതായി പുറത്തുവന്ന വിവാദ ശബ്ദ രേഖ. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ശബ്ദരേഖ വിവാദത്തില്‍ ശരത്തില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇത് തൃപ്തികരമല്ലെന്നാണ് വിവരം.

കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ശരത്തിന്റെ ആരോപണം. ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നിബിന്‍ ശ്രീനിവാസിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു പുറത്തുവന്നത്. ഒരു മിനിട്ട് 49 സെക്കന്‍ഡ് നേരം നീണ്ടുനില്‍ക്കുന്ന ശബ്ദരേഖയായിരുന്നു ഇത്.

'സിപിഐഎമ്മില്‍ ആര്‍ക്കാ കാശില്ലാത്തത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാവരും കാശുകാരാകും. ജില്ലാ നേതൃത്വത്തിലുള്ള ആര്‍ക്കും സാമ്പത്തികപ്രശ്നമുണ്ടാകില്ല. ഞാന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ പിരിവ് നടത്തിയാല്‍ മാക്സിമം കിട്ടുന്നത് അയ്യായിരം രൂപ. അതേസമയത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമാകുമ്പോള്‍ 25,000. പാര്‍ട്ടി ഭാരവാഹിയാകുന്പോള്‍ 75,000 മുതല്‍ ഒരുലക്ഷം വരെ കിട്ടും. ഇടപെടുന്ന ആളുകളുടെ സാമ്പത്തികനിലവാരം മാറിയാല്‍ നേതാക്കള്‍ ആ നിലവാരത്തിനൊത്താണ് പിന്നെ ജീവിക്കുന്നത്', എന്നായിരുന്നു ശബ്ദരേഖ.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഓഡിയോയാണ് ഇതെന്ന് ആദ്യം പ്രതികരിച്ചിരുന്ന ശരത് പിന്നീട് നിലപാട് മാറ്റുകയും താന്‍ ഇത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ഓഡിയോ ആധികാരികമല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ ശരത്തിനോട് സംസാരിക്കുന്നത് താന്‍ തന്നെയാണെന്ന് നിബിന്‍ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന് നിബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Content Highlights: audio controversy DYFI Thrissur District Secretary Sarath Prasad demoted to branch

To advertise here,contact us