ആലപ്പുഴ: ആഗോള അയ്യപ്പ സംഗമ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കാറില് എത്തിയതില് വിദ്വേഷ പരാമർശവുമായി എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. താന് മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തതില് ആര്ക്ക് എന്താണ് നഷ്ടമെന്ന് വെള്ളാപ്പള്ളി നടേശന് ചോദിച്ചു. 'ഞാനെന്താ വല്ല തീണ്ടല്ജാതിയില്പ്പെട്ടവനാണോ? ഞാന് മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തതില് ആര്ക്ക് എന്താണ് നഷ്ടം. തൊട്ടടുത്ത റൂമിലായിരുന്നു ഇരുവരും താമസിച്ചത്. ഇറങ്ങിയപ്പോള് കണ്ടു, ഒന്നിച്ച് പോകാമെന്ന് പറഞ്ഞു. ആകെ നൂറ് മീറ്റര് സഞ്ചരിച്ചു. അതില് എന്തെങ്കിലും തെറ്റുണ്ടോ?', വെള്ളാപ്പള്ളി നടേശന് ചോദിച്ചു.
മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള് സദസ്സില് നിറയെ ആളായിരുന്നുവെന്നും പിന്നീട് സെഷനിലേക്ക് പോയിട്ടുണ്ടാവാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആഗോള അയ്യപ്പ സംഗമവേദിയിലെ ആളില്ലായ്മ ചര്ച്ചയായിരുന്നു. ഇതിലാണ് പ്രതികരണം. പിണറായി ഭക്തനാണെന്ന പരാമര്ശത്തില് വെള്ളാപ്പള്ളി നടേശന് ഉറച്ച് നിന്നു. തിരുവിതാംകൂര് ദേവസ്വം ബോര്ഡിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള ബൃഹത്തായ പദ്ധതികള് ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള കര്മ്മപദ്ധതിക്കായാണ് സംഗമം സംഘടിപ്പിച്ചത്. തീവ്രയജ്ഞമാണ് മുഖ്യമന്ത്രിയും സര്ക്കാരും ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെങ്കില് ഇത് ചെയ്യുമോ? വിശ്വാസി, അവിശ്വാസി എന്നൊന്ന് ഇല്ല. എല്ലാവരും വിശ്വാസികളാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ബദല് അയ്യപ്പസംഗമം നല്ലതായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയാതെ, നല്ലത് ചെയ്താല് നല്ലത് പറയണം. കുറഞ്ഞസമയംകൊണ്ട് അവര്ക്ക് വലിയ ജനപങ്കാളിത്തം ഉണ്ടാക്കാന് സാധിച്ചു. ബദല് അയ്യപ്പ സംഗമത്തിന് രാഷ്ട്രീയം ഉണ്ടായിരിക്കാം. അതില് ആര്എസ്എസുകാരും ബിജെപിക്കാരും ഉണ്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Content Highlights: Vellappally Natesan Reaction over traveling in a car with the Chief Minister