മുഖ്യമന്ത്രിക്ക് കപട ഭക്തി; യോഗി ആദിത്യനാഥ് പറ്റിയ കൂട്ട്: വി ഡി സതീശൻ

സിപിഐഎമ്മും ബിജെപിയും അയ്യപ്പ സംഗമം രണ്ടായി നടത്തേണ്ടിയിരുന്നില്ലെന്നും ഒരുമിച്ച് ഇരുന്നാൽ മതിയായിരുന്നുവെന്നും വി ഡി സതീശൻ പരിഹസിച്ചു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി കപട ഭക്തി കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മും ബിജെപിയും അയ്യപ്പ സംഗമം രണ്ടായി നടത്തേണ്ടിയിരുന്നില്ലെന്നും ഒരുമിച്ച് ഇരുന്നാൽ മതിയായിരുന്നുവെന്നും വി ഡി സതീശൻ പരിഹസിച്ചു. ഇതെന്തൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഓരോ മതത്തിനും സംഗമം നടത്തുന്ന തിരക്കിലാണ് സർക്കാർ.

പിണറായിക്ക് പറ്റിയ കൂട്ടാണ് യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ സന്ദേശം കിട്ടിയ സ്ഥിതിക്ക് ബദൽ സംഗമം വേണ്ടിയിരുന്നില്ല. കേരളത്തിലെ ബിജെപി നേതാക്കളെ കൂടി സർക്കാർ കൂട്ടിയാൽ മതിയായിരുന്നു. പണ്ട് ശബരിമലയിൽ ചെയ്‌തു കൂട്ടിയതിന്റെ പ്രായശ്ചിത്തമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എല്ലാ പരിപാടികൾക്കും സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. പക്ഷെ, നാടകങ്ങൾക്ക് സഹകരിക്കാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ അയ്യപ്പ സംഗമത്തിനെത്തിയതിലും അദ്ദേഹം പ്രതികരിച്ചു.

വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതോടുകൂടി മുഖ്യമന്ത്രി നൽകുന്ന സന്ദേശം വ്യക്തമാണ്. കേരളത്തിൽ ജാതി-മത സ്പർദ്ധ നിരന്തരം ഉണ്ടാക്കുന്ന ഒരാൾ മുഖ്യമന്ത്രിയുടെ വണ്ടിയിൽ വന്നതിലൂടെ പിണറായിയുടെ സന്ദേശം വ്യക്തമായെന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്. ഒരുപാട് മുഖ്യമന്ത്രിമാരുള്ള രാജ്യത്ത് യോഗിയെ മാത്രമേ പിണറായിക്ക് പിടിച്ചുള്ളൂ. ഭൂരിപക്ഷ പ്രീണനം നടത്താൻ പിണറായിക്ക് പറ്റിയ ആള് തന്നെയാണ് യോഗിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബർ 20-നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഗമം സംഘടിപ്പിച്ചത്. 4126 പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്.ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് മൂന്ന് സെഷനുകളായായി ചർച്ചകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ശബരിമല മാസ്റ്റർപ്ലാൻ, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രണം എന്നിവയെ കുറിച്ചായിരുന്നു ചർച്ച.

സംഗമം വിജയമായിരുന്നുവെന്ന് സർക്കാർ പറയുമ്പോൾ, വിശ്വാസി സമൂഹം സംഗമത്തെ തള്ളിക്കളഞ്ഞുവെന്നായിരുന്നു കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതികരണം. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ബദൽ സംഗമത്തിന്റെ ഉദ്ഘാടകൻ.

Content Highlights: vd satheesan against pinarayi vijayan on ayyappasamgamam

To advertise here,contact us