ആഗോള അയ്യപ്പ സംഗമത്തിൽ തുടർ ചർച്ചകൾക്ക് ദേവസ്വം ബോർഡ്; പൊതുജനങ്ങളിൽ നിന്ന് വെബ്‌സൈറ്റ് വഴി നിർദേശങ്ങൾ തേടും

സംഗമത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ ഡെലിഗേറ്റുകൾ നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും തുടർ നടപടികൾ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ തുടർപ്രവർത്തനങ്ങളിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്ന് തുടർചർച്ചകൾ തിരുവനന്തപുരത്ത് നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്വൂട്ട്, ആൾക്കൂട്ട നിയന്ത്രണം എന്നീ വിഷയങ്ങളിലായിരിക്കും ചർച്ച.

പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ വെബ്‌സൈറ്റ് വഴി തേടാനും തീരുമാനിച്ചിട്ടുണ്ട്. സംഗമത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ ഡെലിഗേറ്റുകൾ നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും തുടർ നടപടികൾ. നിർദേശങ്ങൾ ക്രോഡീകരിച്ച് അന്തിമ തീരുമാനം എടുക്കാൻ 18 അംഗ കമ്മിറ്റി രൂപീകരിച്ചു. ദേവസ്വം മന്ത്രി വി എൻ വാസവൻ ചെയർമാനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കൺവീനറുമായാണ് കമ്മിറ്റി.

സെപ്തംബർ 20നാണ്തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഗമം സംഘടിപ്പിച്ചത്. 4126 പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്.ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് മൂന്ന് സെഷനുകളായായി ചർച്ചകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ശബരിമല മാസ്റ്റർപ്ലാൻ, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രണം എന്നിവയെ കുറിച്ചായിരുന്നു ചർച്ച.

സംഗമം വിജയമായിരുന്നുവെന്ന് സർക്കാർ പറയുമ്പോൾ, വിശ്വാസി സമൂഹം സംഗമത്തെ തള്ളിക്കളഞ്ഞുവെന്നായിരുന്നു കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതികരണം. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ബദൽ സംഗമത്തിന്റെ ഉദ്ഘാടകൻ.

Content Highlights: Travancore Devaswom Board to continue activities of the Global Ayyappa Sangamam

To advertise here,contact us