'കടിച്ചതുതന്നെ വിഷം ഇറക്കണം';കൃഷ്ണരാജിനെ മാറ്റിയ ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി മരവിപ്പിച്ച് മന്ത്രി എം ബി രാജേഷ്

തദ്ദേശവകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് മന്ത്രി മരവിപ്പിച്ചത്. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി

തിരുവനന്തപുരം: സംഘപരിവാർ അനുകൂലിയായ അഭിഭാഷകൻ ആർ കൃഷ്ണരാജിനെ വഴിക്കടവ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കൗൺസിൽ സ്ഥാനത്ത് നിന്ന് മാറ്റിയ ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തുകൊണ്ടുള്ള നടപടി മരവിപ്പിച്ചു. തദ്ദേശവകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് മന്ത്രി എം ബി രാജേഷ് മരവിപ്പിച്ചത്. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.

കൃഷ്ണരാജിനെ മാറ്റിയ വഴിക്കടവ് പഞ്ചായത്തിന്റെ തീരുമാനം സർക്കാർ അംഗീകരിക്കുന്നുവെന്ന് മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. മികച്ച അഭിഭാഷകനെ നിയമിക്കണമെന്ന നിർദേശം തദ്ദേശ വകുപ്പ് പഞ്ചായത്തിന് നൽകി. സ്റ്റേ ചെയ്ത ഉത്തരവ് ഉദ്യോഗസ്ഥ തലത്തിൽ ഇറക്കിയതാണെന്നും ഇത്തരം ഫയലുകൾ മന്ത്രി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കടിച്ചതുതന്നെ വിഷം ഇറക്കണം. അതിനുള്ള നിർദേശമാണ് നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതിയിൽ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി സംഘപരിവാർ പ്രവർത്തകൻ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. കൃഷ്ണരാജ് ബിജെപിക്കാരൻ ആണെന്ന് അറിയില്ലായിരുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. മുസ്‌ലിം ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി ക്രിസ്ത്യൻ, മുസ്‌ലിം മതങ്ങൾക്കെതിരെ തീവ്ര വർഗീയ വിദ്വേഷ നിലപാട് സ്വീകരിച്ചിട്ടുള്ള കൃഷണരാജ്, കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചതിൽ കേസും നേരിട്ടിരുന്നു.

Content Highlights: R Krishnaraj issue of Vahikadavu Panchayath, minister mb rajesh recation

To advertise here,contact us