തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഒരു ദേശീയ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു. എൽഡിഎഫ് സർക്കാർ ആചാരം സംരക്ഷിക്കാൻ നടപടി എടുക്കുകയാണ്.
ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോൺഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികൾ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എൽഡിഎഫ് സർക്കാർ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവർക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു. ആചാരങ്ങൾ അതേ പോലെ നിലനിർത്തി. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. കോൺഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കുമെന്നും എൻഎസ്എസിന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനൽകിയതെന്നും സുകുമാരന് നായര് പറഞ്ഞു.
ബിന്ദു അമ്മിണി സംഗമത്തിൽ പങ്കെടുത്തില്ല. അയ്യപ്പസംഗമം പശ്ചാത്താപം തീർത്തതല്ല. തെറ്റ് തിരുത്തുമ്പോൾ അങ്ങനെ കാണരുതെന്നും സുകുമാരൻ നായർ പറഞ്ഞു. ബിജെപിയും കോൺഗ്രസും സംഗമം ബഹിഷ്കരിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പടുക്കുമ്പോൾ അവർക്ക് രാഷ്ട്രീയമാണ്. കോൺഗ്രസിന് ന്യൂനപക്ഷ വോട്ടുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും സുകുമാരൻ നായർ പറഞ്ഞു.
സെപ്തംബർ 20-നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഗമം സംഘടിപ്പിച്ചത്. 4126 പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്.ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് മൂന്ന് സെഷനുകളായായി ചർച്ചകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ശബരിമല മാസ്റ്റർപ്ലാൻ, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രണം എന്നിവയെ കുറിച്ചായിരുന്നു ചർച്ച.
സംഗമം വിജയമായിരുന്നുവെന്ന് സർക്കാർ പറയുമ്പോൾ, വിശ്വാസി സമൂഹം സംഗമത്തെ തള്ളിക്കളഞ്ഞുവെന്നായിരുന്നു കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതികരണം. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ബദൽ സംഗമത്തിന്റെ ഉദ്ഘാടകൻ.
Content Highlights: g sukumaran nair says nss is with ldf in the case of sabarimala