'വൈക്കം വീരന്‍' പെരിയാറിന് ആലപ്പുഴ അരൂക്കൂറ്റിയില്‍ സ്മാരകം വരുന്നു; ശിലാസ്ഥാപനം വെള്ളിയാഴ്ച

തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇവി വേലുവും സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചേർന്ന് സ്മാരകത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും

പൂച്ചാക്കൽ: അരൂക്കുറ്റിയിൽ ഒരുങ്ങുന്ന വൈക്കം സത്യാഗ്രഹ സമരപോരാളി പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരകത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച. വെള്ളിയാഴ്ച രാവിലെ 11ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇവി വേലുവും സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചേർന്ന് സ്മാരകത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും.

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ രാമസ്വാമി നായ്ക്കരെ അരൂക്കുറ്റിയിലെ ജയിലിലാണ് താമസിപ്പിച്ചിരുന്നത്. അതിനെ ഓർമ്മപ്പെടുത്തും വിധം ജയിൽ മാതൃകയിലാണ് സ്മാരകം നിർമിക്കുന്നത്. അരൂക്കുറ്റി ബോട്ടുജെട്ടിക്കു സമീപം 54 സെന്റ് സ്ഥലമാണ് സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് നികുതിയില്ലാതെ കൈമാറിയിരുന്നത്. ഈ സ്ഥലത്താണ് സ്മാരകം നിര്‍മിക്കുന്നത്. സ്മാരകത്തിൽ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവ ഒരുക്കാനാണ് നീക്കം.

1140.98 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലുള്ള കെട്ടിടത്തിന്റെ നിർമാണം അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. നാലുകോടി രൂപയാണ് തമിഴ്നാട് സർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. പഴയ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്നു അരൂക്കുറ്റി. രാമസ്വാമി നായ്ക്കരെ ജയിലിൽ പാർപ്പിച്ച സ്ഥലത്ത് സ്മാരകം ഉണ്ടാക്കുമെന്ന് തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അരൂക്കുറ്റിയും വൈക്കം സത്യാഗ്രഹവും തമ്മിലുള്ള ബന്ധത്തെകുറിച്ചും അദ്ദേഹം നിയമസഭയിൽ വിശദീകരിച്ചിരുന്നു.

Content Highlights: Foundation stone of EV Ramasamy Naicker memorial to be laid on Friday

To advertise here,contact us