കണ്ണൂർ: അയപ്പ സംഗമം കേരളത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടിയാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. മക്കയും മദീനയും ഒക്കെ വളർന്നത് വിശ്വാസത്തിൻ്റെ പേരിലാണ്. വിശ്വാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കണമെന്നും ശബരിമലയുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ വളർന്നു വരുന്നത് നാടിൻ്റെ ഐശ്വര്യമാണ്. അസഹിഷ്ണുത കാരണമാണ് യുഡിഎഫ് ഇതിനെ എതിർക്കുന്നതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് യുപി മുഖ്യമന്ത്രിയെന്ന നിലയിലാണെന്നും ഇ പി ജയരാജൻ പറഞ്ഞു. എകെജി സെൻ്റർ ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പറഞ്ഞ ഇ പി നിയമപരമായാണ് ഭൂമി വാങ്ങിയതെന്നും വിവാദത്തിന് പിന്നിലെ കാര്യങ്ങൾ അറിയില്ലെന്നും കൂട്ടിച്ചേർത്തു.
ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണെന്നും ആർഎസ്എസുകാർ എട്ടാം ക്ലാസിൽ എട്ടുതവണ തോറ്റവരാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനും പ്രതികരിച്ചിരുന്നു. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് ആഗോള അയ്യപ്പസംഗമം നടത്തിയപ്പോൾ പിണറായി വിജയന് ഭക്തിയുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്. എകെജിയും കൃഷ്ണപിള്ളയും സമരം ചെയ്താണ് ഗുരുവായൂർ അമ്പലത്തിൽ ശ്രീകൃഷ്ണന്റെ അടുത്തു നിന്ന് തൊഴാൻ പാവപ്പെട്ട ഭക്തർക്ക് സൗകര്യമുണ്ടാക്കിയത്. എകെജിക്കും കൃഷ്ണപിള്ളയ്ക്കും ഭക്തിയുണ്ടോയെന്ന് അന്നും ചോദ്യമുയർന്നിരുന്നു.
ആഗോള അയ്യപ്പസംഗമത്തിന്റെ വേദിയിലേക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ എത്തിയതിൽ ദുരുദ്ദേശ്യപരമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പത്തനംതിട്ടയിൽ നിന്ന് കാറിൽ പുറപ്പെടുമ്പോൾ, അവിടെയുണ്ടായിരുന്ന വെള്ളാപ്പള്ളിയെ കാറിൽ കയറ്റാതെ അകറ്റേണ്ട കാര്യമുണ്ടോയെന്നും ജയരാജൻ ചോദിച്ചു.
സെപ്തംബർ 20-നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഗമം സംഘടിപ്പിച്ചത്. 4126 പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്.ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് മൂന്ന് സെഷനുകളായായി ചർച്ചകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ശബരിമല മാസ്റ്റർപ്ലാൻ, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രണം എന്നിവയെ കുറിച്ചായിരുന്നു ചർച്ച.
സംഗമം വിജയമായിരുന്നുവെന്ന് സർക്കാർ പറയുമ്പോൾ, വിശ്വാസി സമൂഹം സംഗമത്തെ തള്ളിക്കളഞ്ഞുവെന്നായിരുന്നു കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതികരണം. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ബദൽ സംഗമത്തിന്റെ ഉദ്ഘാടകൻ.
Content Highlights: E P Jayarajan says Ayyappa Sangam is for the progress of Kerala