തിരുവനന്തപുരം: സംസ്ഥാനത്തെ പല മെഡിക്കൽ കോളേജുകളിലും സീനിയർ ഡോക്ടർമാരില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ. മൂന്നോ നാലോ ഡോക്ടർമാരെ ഉപയോഗപ്പെടുത്തിയാണ് വലിയ ഡിപാർട്മെന്റുകൾ പ്രവർത്തിച്ച് പോകുന്നത്. സീനിയർ ഡോക്ടർമാർ അത്യാവശ്യമാണെന്നും എങ്കിൽ മാത്രമേ ആശുപത്രികളുടെ നിലവാരം ഉയരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡിഎംഇ ഓഫീസിലേക്ക് കെജിഎംസിടിഎ നടത്തിയ ധർണയിലാണ് ഹാരിസ് ചിറക്കൽ ഇക്കാര്യം പറഞ്ഞത്.
പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത് നല്ലതാണ്. എന്നാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മെഡിക്കൽ കോളജുകൾ മാത്രം അല്ല വേണ്ടത്. ജില്ലാ, താലൂക്ക് ആശുപത്രികളാണ് പ്രധാനമായും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ട്രോമ കെയർ സെന്ററുകൾ അടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാരുടെ വേതനം കുറവാണെന്നും മറ്റ് സ്ഥാപനങ്ങൾ വൻ തുക ഇവർക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ തന്നെ സർക്കാർ സംവിധാനത്തിന്റെ ഭാഗമാകാൻ പുതിയ ഡോക്ടർമാർ തയ്യാറാകുന്നില്ല. മെഡിക്കൽ കോളേജുകൾ തുടങ്ങിയതുകൊണ്ടുമാത്രം കാര്യമില്ല. കൃത്യമായ നിയമനം നടത്തണം. അല്ലാതെ ഒരു മെഡിക്കൽ കോളേജിൽനിന്നും ഡോക്ടർമാരെ മറ്റൊരിടത്തേക്ക് മാറ്റുകയല്ല വേണ്ടത്. പൊതുജനാരോഗ്യം മെച്ചപ്പെടണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തിൽനിന്നാണ് ഇക്കാര്യങ്ങളെല്ലാം ആവർത്തിച്ച് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യങ്ങൾ പല തവണ പറഞ്ഞിട്ടും ആശുപത്രിയിൽ ജോലിചെയ്യേണ്ട ഞങ്ങളെ എന്തിനാണ് ഇങ്ങനെ വഴിയരികിൽ മഴ കൊള്ളിച്ച് നിർത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഒരു ഡോക്ടർക്കും താല്പര്യമില്ല. പുതിയ മെഡിക്കൽ കോളേജ് തുടങ്ങുമ്പോൾ അവിടേക്ക് കൃത്യമായ നിയമനം നടത്തണം. നിലവിലെ സംവിധാനങ്ങളില്നിന്നും ഡോക്ടർമാരെ വലിച്ച് നിയമിക്കുന്നത് ചതിയാണ്. ഇന്ന് തട്ടിക്കൂട്ട് സംവിധാനം ഉണ്ടാക്കിയാൽ വരുന്ന പത്ത് വർഷം കഴിഞ്ഞാൽ ഇവിടെ തട്ടിക്കൂട്ട് ഡോക്ടർമാരായിരിക്കും കൂടുതലും ഉണ്ടാവുക. ജനങ്ങൾക്ക് തട്ടിക്കൂട്ട് ചികിത്സയായിരിക്കും ലഭിക്കുക. ഇത് ഉണ്ടാകാൻ പാടില്ല ഈ സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത്നിന്ന് പഠിച്ച് വരുന്ന പല വിദ്യാർത്ഥികളുടെയും നിലവാരം വളരെ മോശമാണെന്നും ഹാരിസ് പറഞ്ഞു. പരിശീലനത്തിന് എത്തുന്ന ഇവർക്ക് സ്റ്റിച്ച് ഇടാനോ മരുന്നിന്റെ ഡോസോ ബ്ലഡ് സാംപിൾ എടുക്കാനോ അറിയില്ലെന്നാണ് മുതിർന്ന ഡോക്ടർമാർ പറയുന്നതെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
Content Highlights: Dr Haris Chirakkal says there are no senior doctors in many medical colleges in the state