തിരുവനന്തപുരം: 'വോട്ട് ചോരി' വിഷയത്തില് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് വോട്ട് അധികാര് സമ്മേളനം നടത്താനൊരുങ്ങുകയാണ് കെപിസിസി. തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് ക്രമക്കേട് ആരോപിച്ച് രാഹുല് ഗാന്ധി നടത്തിയ വാര്ത്താ സമ്മേളനങ്ങള് പാര്ട്ടിക്ക് വലിയ ഊര്ജ്ജം നല്കിയെന്നാണ് സംസ്ഥാനത്തെ കോണ്ഗ്രസ് വിലയിരുത്തുന്നത്. ആ രാഹുല് ഗാന്ധിയെ തന്നെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം നടത്തിയാല് അത് സംസ്ഥാനത്തെ പ്രവര്ത്തകര്ക്ക് വലിയ ആവേശം നല്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
അടുത്ത മാസം സമ്മേളനം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ പ്രവര്ത്തന ആവേശം പകരുമെന്നാണ് കണക്കുകൂട്ടല്. രാഹുല് ഗാന്ധിയെയും സോണിയ ഗാന്ധിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റു പരിപാടികളും കെപിസിസി ആലോചിക്കുന്നുണ്ട്.
ബീഹാറില് 16 ദിവസങ്ങളിലായി നടത്തിയ വോട്ട് അധികാരയാത്ര ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികള് മറ്റു സംസ്ഥാനങ്ങളിലും നടത്താന് എ ഐ സിസി തീരുമാനിച്ചത്. ബീഹാറിലേതിന് സമാനമായ രീതിയില് വോട്ട് അധികാര് യാത്ര സംഘടിപ്പിക്കുവാനുള്ള സാവകാശം ഇല്ലാത്തതിനാല് രാഹുല്ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തില് സമ്മേളനം നടത്താനാണ് ആലോചന.
രാഹുല് ഗാന്ധിയുടെ സൗകര്യം അറിഞ്ഞതിനുശേഷം മാത്രമേ ഇക്കാര്യത്തില് അന്തിമ തീരുമാനമാകൂ.
ഒരു ലക്ഷം പേരോളം പങ്കെടുക്കുന്ന മഹാസമ്മേളനം മലബാറില് നടത്താനാണ് ആലോചിക്കുന്നത്. വോട്ട് ചോര്ച്ച വിവാദം തൃശ്ശൂര് ലോക്സഭാ മണ്ഡലത്തില് നിന്ന് ഉയരുന്ന സാഹചര്യത്തില് ഈ സമ്മേളനം ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്. മാത്രമല്ല തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ രാഹുല് ഗാന്ധി പങ്കെടുക്കുന്ന വോട്ട് അധികാര് സമ്മേളനവും അനുബന്ധ പരിപാടികളും അണികള്ക്ക് ആവേശം പകരും.
Content Highlights: A mega rally of one lakh people with the participation of Rahul Gandhi at kerala