പത്തനംതിട്ട: കേരളത്തില് ധര്മ സാമ്രാജ്യത്തിന് തുടക്കമാവുകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ഹിന്ദു വിരുദ്ധ സര്ക്കാരാണ് ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും അത് നടത്താന് അവര്ക്ക് യാതൊരു അവകാശവുമില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞവര് മത പരിപാടി സംഘടിപ്പിക്കുകയാണെന്നും ഭക്തരേക്കാളേറെ ഒഴിഞ്ഞ കസേരകളാണ് പമ്പാ സംഗമത്തിന് ഉണ്ടായിരുന്നതെന്നും തേജസ്വി പരിഹസിച്ചു. ഹിന്ദു വിരുദ്ധതയില് സിദ്ധരാമയ്യയും പിണറായി വിജയനും എം കെ സ്റ്റാലിനും ത്രിമൂര്ത്തികളാണെന്നും തേജസ്വി സൂര്യ പറഞ്ഞു. പന്തളത്ത് ശബരിമല കര്മസമിതിയുടെ നേതൃത്വത്തില് നടന്ന ശബരിമല സംരക്ഷണ സംഗമത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മുടെ ക്ഷേത്രങ്ങള് തകര്ക്കാനുളള ശ്രമമാണ് നടക്കുന്നത്. നാം നമ്മുടെ ക്ഷേത്രങ്ങളും ആചാരങ്ങളും ആഘോഷങ്ങളും സംരക്ഷിക്കണം. പലപ്പോഴായി ശബരിമല സന്ദര്ശിച്ചിട്ടുളള ആളാണ് ഞാന്. എന്ത് വികസനമാണ് അവിടെ നടക്കുന്നത്? പമ്പയിലേക്ക് ഇറങ്ങാനാകുമോ? നിരീശ്വരവാദി കമ്മ്യൂണിസ്റ്റ് ഭരണകൂടം തകരണം. കേരളത്തില് ബിജെപി ഭരണകൂടം അധികാരത്തിലെത്തണം. വിശ്വാസികളെ മാനിക്കുന്നവര് ഭരിക്കണം.': തേജസ്വി സൂര്യ പറഞ്ഞു.
കര്ണാടകയിലെ ധര്മസ്ഥലയില് ഉണ്ടായ കൂട്ടശവസംസ്കാര പരാതിയെക്കുറിച്ചും തേജസ്വി സൂര്യ പ്രതികരിച്ചു. 'ആരാ എന്താ എന്ന് അറിയാത്ത ഒരാള് വന്ന് ആയിരങ്ങള് കൊല്ലപ്പെട്ടുവെന്ന് പറയുന്നു. പൊടുന്നനെ കമ്മ്യൂണിസ്റ്റുകാര് വന്ന് അന്വേഷണം ആരംഭിക്കുന്നു. കേരളവും തമിഴ്നാടും സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീമിനെ പ്രഖ്യാപിച്ച് ധര്മസ്ഥലയില് എത്തുന്നു. ഇവര് തമ്മിലുളള അന്തര്ധാര മനസിലാക്കണം. ധര്മസ്ഥലയില് നിന്ന് ഒന്നും തന്നെ ലഭിച്ചില്ല. വിനോദയാത്ര വരുന്നതുപോലെ ആളുകള് വന്നു. ഇതുതന്നെയാണ് ശബരിമലയിലും നടക്കുന്നത്. നമ്മുടെ ക്ഷേത്രങ്ങള് തകര്ക്കാനുളള ശ്രമമാണ് നടക്കുന്നത്': തേജസ്വി സൂര്യ കൂട്ടിച്ചേര്ത്തു.
Content Highlights: 'Siddaramaiah, Pinarayi Vijayan and Stalin are the trinity in anti-Hinduism': Tejasvi Surya