പത്തനംതിട്ട: പന്തളത്ത് ഹൈന്ദവ സംഘടനകള് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില് വിദ്വേഷ പരാമര്ശവുമായി ശ്രീരാമദാസ മിഷന് അധ്യക്ഷന് ശാന്താനന്ദ മഹര്ഷി. വാവര് തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്ഷിയുടെ പരാമര്ശം.
അയ്യപ്പനെ ആക്രമിച്ച് തോല്പ്പിക്കാന് എത്തിയ ആളാണ് വാവരെന്നും ശാന്താനന്ദ മഹര്ഷി പറഞ്ഞു. വാവര് ചരിത്രം തെറ്റാണ്. വാപുരന് അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്ക്ക് വാപുര സ്വാമിയുടെ നടയില് തേങ്ങയടിച്ച് അയ്യപ്പനെ ദര്ശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില് വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ മഹര്ഷി പറഞ്ഞു.
'വാപുരന് എന്ന് പറയുന്നത് ഇല്ലാപോലും. 25-30 വര്ഷങ്ങള്ക്ക് മുമ്പ് തന്നെ ശബരിമലയില് വെച്ചിരിക്കുന്നത് വാവരെയാണ്. വാവര്ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര് മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില് തോല്പ്പിക്കാന് വന്ന തീവ്രവാദിയാണ്. അയാള് പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്', ശാന്താനന്ദ മഹര്ഷി പറഞ്ഞു.
ബിജെപി മുന് തമിഴ്നാട് സംസ്ഥാന അധ്യക്ഷന് അണ്ണാമലൈയായിരുന്നു സംഗമത്തിന്റെ ഉദ്ഘാടകന്. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്ശിച്ചായിരുന്നു അണ്ണാമലൈയുടെ പ്രസംഗം. 'നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില് പറയുന്നത് മൂന്ന് കാര്യങ്ങളാണ്. കാമം, കോപം, ആര്ത്തി. ഇത് മൂന്നും വിജയനുണ്ട്', മുഖ്യമന്ത്രിക്കെതിരെ അണ്ണാമലൈ പറഞ്ഞു.
പിണറായിയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നാസ്തിക് ഡ്രാമാചാര്യരാണെന്നും അണ്ണാമലൈ പരിഹസിച്ചു. ദൈവത്തെ രണ്ട് സര്ക്കാരും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'സനാതന ധര്മ്മത്തെ വേരോടെ അറുക്കണം എന്ന് പറഞ്ഞ ആളാണ് സ്റ്റാലിനും മകന് ഉദയനിധിയും. അവരെയാണ് പിണറായി വിജയന് ക്ഷണിച്ചത്. ഗ്ലോബല് മുരുകാ കോണ്ഫറന്സ് തമിഴ്നാട്ടില് നടത്തി. അത് കണ്ട് കേരളത്തില് പിണറായി പകര്ത്തി', അണ്ണാമലൈ പറഞ്ഞു.
Content Highlights: Ramadasa Mission president makes hateful remarks Vavaraswami at Sabarimala protection rally