നെയ്യിന് ലിറ്ററിന് 45 രൂപ കുറയും, ഐസ്‌ക്രീമിന് 24 രൂപയും; മില്‍മ ഉത്പന്നങ്ങള്‍ക്ക് വില കുറയും

നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും.

തിരുവനന്തപുരം: മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും.

നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും.

500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപ ആകും. പനീറിന്റെ ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി കുറയും. നേരത്തെ ഉണ്ടായിരുന്ന ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കിഴിവ് ലഭ്യമാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

Content Highlights: Prices of Milma products will decrease

To advertise here,contact us