'മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥ, ഇക്കാനെയും കുറുവ സംഘത്തെയും ജയിലഴി എണ്ണിക്കും'; ജലീലിനെതിരെ ഫിറോസ്

ബേജാറ് കൊണ്ട് ഭ്രാന്തായതാണോ ഇനി ഭ്രാന്ത് അഭിനയിക്കുകയാണോ എന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു

മലപ്പുറം: മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. കെ ടി ജലീലിന് ഇപ്പോള്‍ വെള്ളം വെള്ളം എന്ന് പറഞ്ഞാല്‍ ചാടുന്ന മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥയായിട്ടുണ്ടെന്ന് പി കെ ഫിറോസ് പരിഹസിച്ചു. ബേജാറ് കൊണ്ട് ഭ്രാന്തായതാണോ ഇനി ഭ്രാന്ത് അഭിനയിക്കുകയാണോ എന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി കെ ഫിറോസിന്റെ പരിഹാസം.

'എന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തവരെയെല്ലാം എന്റെ പാര്‍ട്ണര്‍മാരാക്കിയും ഞാന്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങളെല്ലാം എന്റെ സ്ഥാപനങ്ങളാക്കിയും ഒരിക്ക എന്തൊക്കെയോ വിളിച്ച് പറയാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. മലയാളം സര്‍വകലാശാലയുടെ ഭൂമിക്കൊള്ള അന്വേഷിച്ചിറങ്ങിയപ്പോള്‍ തുടങ്ങിയതാണിത്. 17.5 കോടി നികുതിപ്പണം കട്ടിട്ടുട്ടെങ്കില്‍, അത് കൊള്ളയടിക്കാന്‍ സ്വന്തം കൈപ്പട കൊണ്ട് എഴുതി ഒപ്പിട്ട് കൂട്ടു നിന്നിട്ടുണ്ടെങ്കില്‍ പലിശ അടക്കം തിരിച്ചു പിടിക്കുക മാത്രമല്ല ഇക്കാനെയും കുറുവ സംഘത്തെയും ജയിലഴി എണ്ണിക്കുക തന്നെ ചെയ്യും. മന്ത്രിസ്ഥാനം തെറിപ്പിക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ച യൂത്ത് ലീഗാണ് പറയുന്നത്', പി കെ ഫിറോസ് പറഞ്ഞു.

പി കെ ഫിറോസ് വിചാരിച്ചാല്‍ തന്നെ ജയിലില്‍ ആക്കാന്‍ സാധിക്കില്ലെന്ന് കെ ടി ജലീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പി കെ ഫിറോസും പി കെ കുഞ്ഞാലിക്കുട്ടിയും ജയിലില്‍ പോയതിന് ശേഷം അവരെ സന്ദര്‍ശിക്കാന്‍ താന്‍ പോകും. അതിനാണ് തവനൂരില്‍ ജയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.

സാമ്പത്തിക അഴിമതികള്‍ ലീഗുകാരുടെ സ്ഥിരം തൊഴിലാണ്. പിരിവ് നടത്തി ലീഗ് പ്രവര്‍ത്തകരെ തന്നെ കബളിപ്പിക്കുന്ന നയമാണ് കുറേക്കാലമായി അവര്‍ തുടരുന്നത്. ഇപ്പോള്‍ പുതിയ പേരില്‍ യൂത്ത് ലീഗ് ദേശീയ സമിതി പിരിവിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു. പി കെ ഫിറോസ് യുഎഇ സര്‍ക്കാരിനെയും വഞ്ചിക്കുകയാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ അതൊന്നും ചെയ്യരുത്. ഇങ്ങനെ തോന്നിവാസം ചെയ്യുന്നവര്‍ ലീഗില്‍ മാത്രമെ ഉണ്ടാകൂ. തന്റെ വാര്‍ത്താ സമ്മേളനം കേട്ട് തന്നെ ഇ ഡി കേസെടുത്തോളും. ഹവാല ബിസിനസുകള്‍ ഉള്‍പ്പടെ ഇ ഡി പരിശോധിച്ചോളും. ലീഗിലെ സാമ്പത്തിക കുറ്റം ഹലാലായ കാര്യമാണെന്നും കെ ടി ജലീല്‍ വിമര്‍ശിച്ചു.

Content Highlights: P K Firos mocking K T Jaleel

To advertise here,contact us