'എണ്ണ വില കുറയ്ക്കാത്തത് സാമ്പത്തികമായ ബാലന്‍സിനെ ബാധിക്കാതിരിക്കാന്‍; ശ്രീലങ്കയടക്കം തകര്‍ന്നത് എണ്ണ വിലയിൽ'

ഇന്ധന വില ജിഎസ്ടിയില്‍ വരുന്നതല്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു

കോഴിക്കോട്: ജിഎസ്ടി നിരക്കിലെ മാറ്റം ആളുകള്‍ക്ക് സമ്പാദിക്കാനുള്ള അവസരമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. വ്യാപാരികള്‍ വളരെ സഹകരണത്തിലാണ്. ഇന്ന് പലരും വില കുറച്ചിട്ടില്ല. നാളെയാണ് പലരും ചെയ്യുകയെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ഇന്ധന വില ജിഎസ്ടിയില്‍ വരുന്നതല്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ടാക്‌സ് എന്ന് പറഞ്ഞാല്‍ റവന്യ വിഭവസമാഹരണത്തിനുള്ള ഉപാധിയാണ്. എണ്ണയില്‍ സംസ്ഥാനങ്ങള്‍ ടാക്‌സ് ചുമത്തും. ഇറക്കുമതി കുറയ്ക്കുകയെന്നതാണ് കാരണം. അത് കുറഞ്ഞില്ലെങ്കില്‍ സാമ്പത്തിക സ്ഥിതി തകരും. ശ്രീലങ്ക അങ്ങനെയാണ് തകര്‍ന്നത്. സാമ്പത്തികമായ ബാലന്‍സിംഗിനെ ബാധിക്കും എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ഇന്ന് മുതൽ ചരക്ക് - സേവന നികുതിയിലെ പരിഷ്ക്കരണം സംസ്ഥാനത്ത് പ്രതിഫലിച്ചു തുടങ്ങി. ജീവൻ രക്ഷാ മരുന്നുകൾക്കും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും മധ്യനിര കാറുകൾക്കും വില കുറഞ്ഞു. കാൻസർ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കി. രക്തസമ്മർദ്ദം കൊളസ്ട്രോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ജിഎസ്ടി നിരക്ക് അഞ്ചായി കുറഞ്ഞു.

ജിഎസ്ടി നിരക്ക് കുറഞ്ഞതോടെ മധ്യ നിര കാറുകൾക്ക് ഇന്ന് മുതൽ വില കുറഞ്ഞു.  എല്ലാ വിഭാഗം കാറുകളുടെയും എക്സ് ഷോറൂം വില മാറും. ചെറിയ കാറുകളുടെ ജിഎസ്ടി 28 ശതമാനം ആയിരുന്നത് 18% ആയി കുറച്ചിട്ടുണ്ട്. മുപ്പതിനായിരം രൂപ മുതൽ 2 ലക്ഷം രൂപ വരെ  മധ്യനിര കാറുകളിൽ മാറ്റമുണ്ടാകും. പുതിയ നിരക്കുകൾ നടപ്പിലാക്കിയതായി കമ്പനികൾ വ്യക്തമാക്കി. 350  സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് വില കൂടും.

Content Highlights: Not reducing oil prices to avoid affecting the economic balance george Kurian

To advertise here,contact us