കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര് ആക്രമണത്തില് യൂട്യൂബര് കെ എം ഷാജഹാന്റെ വീട്ടില് റെയ്ഡ്. എറണാകുളം റൂറല് സൈബര് ടീമും പറവൂര് പൊലീസും വീട്ടിലെത്തി പരിശോധന നടത്തുന്നു. ഉള്ളൂരിലെ വീട്ടിലാണ് പരിശോധന. ഷാജഹാന് വീട്ടിലുണ്ട്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സംഘം ഷാജഹാന് നോട്ടീസ് നൽകി. ഷാജഹാന്റെ ഐഫോൺ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. വിഷയത്തിൽ നാളെ വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് വഴിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേസിൽ പ്രതിചേര്ത്ത കൊണ്ടോട്ടി അബുവിന്റെ വീട്ടിലും ഇന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. മലപ്പുറത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. കേസില് മൂന്നാം പ്രതിയാണ് യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസര് എടപ്പാള്. ഇയാള് വിദേശത്താണെന്നാണ് വിവരം. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടീസ് കൈമാറും.
കെ ജെ ഷൈനിനെതിരായ സൈബര് ആക്രമണത്തില് ചോദ്യം ചെയ്യലിന് ഹാജരാകാന് പ്രതിയായ പ്രാദേശിക കോണ്ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്കിയിട്ടുണ്ട്. നാളെ ആലുവ സൈബര് പൊലീസ് സ്റ്റേഷനില് ഹാജരാകണം എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്ദ്ദേശം. ഗോപാലകൃഷ്ണന്റെ വീട്ടില് നടത്തിയ പരിശോധനയില് ഫേസ്ബുക്ക് പോസ്റ്റ് ഇടാന് ഉപയോഗിച്ച മൊബൈല് ഫോണ് പിടിച്ചെടുത്തിട്ടുണ്ട്. അപവാദ പ്രചാരണം നടത്തിയതിന്റെ കൂടുതല് തെളിവുകള് ഇതില് നിന്ന് ശേഖരിക്കുകയാണ് അന്വേഷണസംഘം. ഒളിവില് തുടരുന്ന ഗോപാലകൃഷ്ണന് ഹാജരാകുമോ എന്ന കാര്യത്തില് വ്യക്തതയില്ല.
Content Highlights: k J shine case Raid on KM Shahjahan's house