'ഒപ്പമുണ്ടാകും'; ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്റെ കുടുംബം പറഞ്ഞു

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി. ജോസ് നെല്ലേടത്തിന്റെ ഭാര്യയെയും മകനെയും മകളെയുമാണ് പ്രിയങ്ക കണ്ടത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലില്‍വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നാണ് വിവരം. ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി ജോസ് നെല്ലേടത്തിന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്റെ കുടുംബം പറഞ്ഞു.

പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തില്‍ ഉണ്ടായിട്ടും ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചില്ലെന്ന് സിപിഐഎം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് ഡിസിസി ഇടപെട്ട് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. പ്രിയങ്ക താമസിക്കുന്ന പടിഞ്ഞാറെത്തറ താജ് ഹോട്ടലില്‍ എത്തിയാണ് കുടുംബം കൂടിക്കാഴ്ച നടത്തിയത്. ജോസ് നെല്ലേടത്തിന്റെ മരണത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നായിരുന്നു തുടക്കം മുതല്‍ കുടുംബം സ്വീകരിച്ച നിലപാട്. പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും കുടുംബം അതേ നിലപാട് തുടര്‍ന്നു.

പുല്‍പ്പള്ളി വ്യാജ കള്ളക്കേസില്‍ ആരോപണ വിധേയനായിരുന്നു പഞ്ചായത്ത് മെമ്പര്‍ കൂടിയായ ജോസ് നെല്ലേടം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പന്ത്രണ്ടിനായിരുന്നു ജോസ് നെല്ലേടത്തെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാജ കേസില്‍ അറസ്റ്റിലാകുകയും പതിനേഴ് ദിവസത്തോളം ജയിലില്‍ കഴിയുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് കൂടിയായ തങ്കച്ചന്‍ അഗസ്റ്റിന്‍ തനിക്കെതിരായ കേസിന് പിന്നില്‍ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് ആരോപിച്ചിരുന്നു. ആരോപണം വന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ജോസ് നെല്ലേടത്തിന്റെ മരണം. ജോസ് നെല്ലേടത്തിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്ന് ആരോപണമുണ്ടായിരുന്നു.

വീട്ടില്‍ നിന്ന് സ്‌ഫോടന വസ്തുക്കളും മദ്യക്കുപ്പികളും കണ്ടെത്തിയ സംഭവമായിരുന്നു തങ്കച്ചന്റെ അറസ്റ്റിലേക്ക് നയിച്ചത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് സമീപത്തുനിന്ന് സ്‌ഫോടന വസ്തുക്കളും മദ്യക്കുപ്പികളും കണ്ടെത്തുകയും തങ്കച്ചനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ മാസമാസം 25നായിരുന്നു സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതല്‍ തങ്കച്ചന്‍ പറയുന്നുണ്ടായിരുന്നെങ്കിലും പൊലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ വെച്ചു. മൂന്നരയോടെയാണ് തങ്കച്ചനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി തങ്കച്ചനെ റിമാന്‍ഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക് മാറ്റുകയുമായിരുന്നു. സെപ്റ്റംബര്‍ ആറിനാണ് തങ്കച്ചന്‍ ജയില്‍മോചിതനായത്. ഇതിന് പിന്നാലെയായിരുന്നു ജോസ് നെല്ലേടം അടക്കമുള്ള നേതാക്കള്‍ക്കെതിരെ തങ്കച്ചന്‍ രംഗത്തെത്തിയത്.

Content Highlights- Family members of congress leader jose nelledam met Priyanka gandhi mp

To advertise here,contact us