'ശുശ്രൂഷ നൽകി; കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാൻ'; പൊലീസ് ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജി റിപ്പോർട്ട്

ആത്മഹത്യാശ്രമ വാര്‍ത്തകള്‍ക്ക് താഴെ വന്ന ചില കമന്റുകള്‍ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ

തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ പൊലീസുകാരെ തള്ളാതെ ഡിഐജി റിപ്പോര്‍ട്ട്. ആനന്ദിന്റെ ആത്മഹത്യയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്നാണ് ബറ്റാലിയന്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എസ്എപി ക്യാമ്പില്‍ നിന്ന് മാനസികമായും ശാരീരികമായും പീഡനമുണ്ടായെന്നും ജാതി അധിക്ഷേപമുണ്ടായെന്നുമായിരുന്നു ആനന്ദിന്റെ കുടുംബത്തിന്റെ ആരോപണം. ഇത് തള്ളുന്നതാണ് വനിതാ ബറ്റാലിയന്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശേഷം ആനന്ദിനെ ആശുപത്രിയില്‍ പാര്‍പ്പിക്കുന്നതായിരുന്നു ഉചിതമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ബാരക്കില്‍ താമസിക്കണമെന്ന് ആനന്ദ് എഴുതി നല്‍കിയിരുന്നു. കൗണ്‍സിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ടുപേരെ ചുമതലപ്പെടുത്തിയിരുന്നു. ആത്മഹത്യാശ്രമ വാര്‍ത്തകള്‍ക്ക് താഴെ വന്ന ചില കമന്റുകള്‍ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

കുടുംബത്തിന്റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. ആനന്ദിനെ ജാതീയമായി അധിക്ഷേപിച്ചു, മാനസികമായി പീഡിപ്പിച്ചു, അവധി നിഷേധിച്ചു എന്നീ ആരോപണങ്ങളിലും വിശദമായ അന്വേഷണമുണ്ടാകും. ആനന്ദിന്റെ സഹോദരന്‍ അരവിന്ദിന്റെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും. സെപ്റ്റംബര്‍ 18 നാണ് ആനന്ദിനെ ക്യാമ്പിലെ ബാരക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനിംഗിന്റെ ഭാഗമായി ബി കമ്പനിയുടെ പ്ലാത്തൂണ്‍ ലീഡറായി തെരഞ്ഞെടുത്തത് മുതലാണ് മാനസിക സമ്മര്‍ദം കൂടിയതെന്നും ആനന്ദിന് നേരത്തേ മുതല്‍ വിഷാദരോഗമുണ്ടെന്നും ആദ്യം അന്വേഷണം നടത്തിയ പേരൂര്‍ക്കട പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Content Highlights-dig report give clean chit to police over trainee officer death case

To advertise here,contact us