തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില് നിര്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. മൊഴിയെടുക്കല് അന്തിമഘട്ടത്തിലെന്നാണ് വിവരം.
ഇരയുമായി കൂടിക്കാഴ്ച്ച നടത്തിയ മാധ്യമപ്രവര്ത്തകയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുല് അശ്ലീല സന്ദേശം അയച്ചുവെച്ച് ആരോപണം ഉന്നയിച്ച നടി റിനി ആന് ജോര്ജിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഗര്ഭഛിദ്രത്തിന് ഇരയായ യുവതികളുടെ മൊഴി രേഖപ്പെടുത്താന് അന്വേഷണസംഘം ശ്രമം നടത്തുന്നുണ്ട്. ഇത് കേസില് നിര്ണായകമാണ്. യുവതിയെ ഗര്ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്ന രാഹുലിന്റെ ശബ്ദസന്ദേശം പുറത്തുവിട്ടത് റിപ്പോര്ട്ടറായിരുന്നു.
രാഹുല് മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കുന്ന നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. രാഹുലിന് എതിരെ പരാതി നല്കിയ അഭിഭാഷകന് അടക്കമുള്ളവരുടെ മൊഴിയായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം രേഖപ്പെടുത്തിയത്. തുടര്ന്നാണ് തെളിവുശേഖരണത്തിലേക്ക് കടന്നത്. റിപ്പോര്ട്ടര് പുറത്തുവിട്ട രാഹുല് മാങ്കൂട്ടത്തില് ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന ശബ്ദരേഖ അടക്കം ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഇതിന് ശേഷമാണ് ടെലഗ്രാം ചാറ്റുകള് അടക്കം ശേഖരിച്ചത്. നേരത്തേ യുവതിയെ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന രാഹുലിന്റെ ടെലഗ്രാം ചാറ്റുകള് പുറത്തുവന്നിരുന്നു. ഇതിന് പുറമേയുള്ള ചാറ്റുകള് ക്രൈംബ്രാഞ്ച് ശേഖരിച്ചതായാണ് വിവരം.
യുവ നേതാവില് നിന്ന് മോശം അനുഭവം ഉണ്ടായെന്ന റിനി ആന് ജോര്ജിന്റെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങള്ക്ക് തുടക്കമിട്ടത്. ഒരു യുവ യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു യുവനടി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും 'ഹു കെയേഴ്സ്' എന്നതായിരുന്നു അയാളുടെ ആറ്റിറ്റിയൂഡ് എന്നും അവര് പറഞ്ഞിരുന്നു. സംഭവം വിവാദമായി മാറിയതോടെ നിരവധിപേര് രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഇതിന് പിന്നാലെ യുവതിയെ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന രാഹുലിന്റെ ടെലഗ്രാം, വാട്സ്ആപ്പ് ചാറ്റുകള് പുറത്തുവന്നു.
സംഭവം വലിയ ചര്ച്ചയ്ക്ക് വഴിവെച്ചതോടെ രാഹുലിനെ ഹൈക്കമാന്ഡ് കൈയൊഴിഞ്ഞു. ഇതോടെ യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല് രാജിവെച്ചു.
ഇതിന് ശേഷവും രാഹുലിനെതിരെ ആരോപണങ്ങള് പുറത്തുവന്നു. ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ് സംഭാഷണമായിരുന്നു പുറത്തുവന്നത്. 'നിന്നെ കൊല്ലാന് എത്രസമയമാണ് വേണ്ടതെന്നാണ് കരുതുന്നതെന്നും സെക്കന്ഡുകള് കൊണ്ട് കൊല്ലാന് സാധിക്കും' എന്നുമാണ് രാഹുല് പറഞ്ഞത്. ഗര്ഭിണിയായ യുവതിയോട് ചവിട്ടുമെന്നും രാഹുല് പറഞ്ഞിരുന്നു. ഫോണ് സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ കുരുക്ക് മുറുകി. ഇതോടെ കോണ്ഗ്രസ് പ്രതിരോധത്തിലാകുകയും രാഹുലിനെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights- Crime branch collect telegram chats and audio of rahul mamkootathil on sexual assault case