മരണാനന്തരച്ചടങ്ങിനുള്ള പണവും കവറിലിട്ട് മാറ്റിവെച്ച് അനിലിന്‍റെ മടക്കം; സംസ്‌കാരം ഇന്ന്

രാവിലെ ക്ഷേത്രദര്‍ശനം നടത്തിയശേഷമായിരുന്നു ഓഫീസിലേക്ക് പോയത്

തിരുവനന്തപുരം: ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ അനിലിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ ഒന്‍പതിന് ബിജെപി ഓഫീസിലും തുടര്‍ന്ന് തിരുമല ജംഗ്ഷനിലും പൊതുദര്‍ശനത്തിന് വെച്ചശേഷമായിരിക്കും മൃതദേഹം വീട്ടിലെത്തിക്കുക. ഉച്ചയ്ക്ക് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും. തന്റെ മരണാനന്തരച്ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍വെച്ചായിരുന്നു അനിലിന്റെ മടക്കം. ഈ തുക മരണാനന്തരച്ചടങ്ങിനുള്ളതാണെന്ന് കുറിപ്പില്‍ എഴുതിയിരുന്നു.

ശനിയാഴ്ച രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ക്ഷേത്രദര്‍ശനം നടത്തിയശേഷമായിരുന്നു ഓഫീസിലേക്ക് പോയത്. കുറച്ചുദിവസങ്ങളിലായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍.

അനില്‍ അധ്യക്ഷനായ വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകര്‍ക്കു കൊടുക്കണം. ഇതിന്റെപേരില്‍ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. താനും കുടുംബവും ഒരു പൈസപോലും എടുത്തിട്ടില്ലെന്നും അനിലിന്റെ കുറിപ്പിലുണ്ട്.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള ശ്രമത്തിലായിരുന്നു അനില്‍. എന്നാല്‍ വ്യക്തിബന്ധമുള്ളവര്‍ക്ക് പോലും അത്യാവശ്യത്തിന് പണം നല്‍കാനാകാത്തത് അനിലിനെ കൂടുതല്‍ മാനസിക സംഘര്‍ഷത്തിലാക്കിയിരുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. വായ്പയെടുത്തവര്‍ കൃത്യമായി പണം തിരികെ നല്‍കാത്തത് കടുത്ത പ്രതിസന്ധിയായിരുന്നു.

രണ്ടാഴ്ച മുന്‍പ് അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ കണ്ട് സഹകരണ സംഘത്തിലെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് പറഞ്ഞിരുന്നതായി വിവരം പുറത്തുവന്നിരുന്നു. അനിലുമായി കൂടിക്കാഴ്ച നടത്തിയ വിവരം രാജീവ് ചന്ദ്രശേഖര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അനില്‍ ജീവനൊടുക്കിയതില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Thirumala Anil Death funeral today at thiruvananthapuram

To advertise here,contact us