'തലസ്ഥാനത്ത് സ്ഥലംഅനുവദിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു';എയിംസ് ആലപ്പുഴയിൽ വേണമെന്ന് ആവർത്തിച്ച് സുരേഷ് ഗോപി

തൃശ്ശൂരിന് പകരം തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കാമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചതെന്നും സുരേഷ് ഗോപി

തൃശ്ശൂര്‍: എയിംസ് ആലപ്പുഴയില്‍ തന്നെയെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യത്തില്‍ 14 ജില്ലകളെ താരതമ്യം ചെയ്യുമ്പാള്‍ ഇടുക്കിയെക്കാള്‍ പിന്നിലാണ് ആലപ്പുഴ. എയിംസ് ആലപ്പുഴയില്‍ വന്നാല്‍ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂര്‍ അവണിശ്ശേരിയിലെ കലുങ്ക് സംവാദത്തിനിടെയായിരുന്നു ആലപ്പുഴയിലെ എയിംസ് എന്ന ആവശ്യം സുരേഷ് ഗോപി ആവര്‍ത്തിച്ചത്. തൃശ്ശൂരിന് പകരം തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കാമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരില്‍ സ്ഥലമില്ലെന്നും പകരം തിരുവനന്തപുരം സ്ഥലം അനുവദിക്കാമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. വികസനം കൈവരിക്കാത്ത ജില്ലയില്‍ വികസന യോഗ്യത ഉണ്ടാക്കി കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ എയിംസ് ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ തകരുന്നത്.

തിരുവനന്തപുരം അല്ലെങ്കില്‍ തൃശ്ശൂരില്‍ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാന്‍. പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കും തടസ്സമാകുന്നുണ്ട്.

Content Highlights: Suresh Gopi reiterates that AIMS will develop in Alappuzha

To advertise here,contact us