കൽപറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ മുൻ ഡീൻ ഡോ എം കെ നാരായണനെ തരംതാഴ്ത്തും. ഒപ്പം അസിസ്റ്റന്റ് വാർഡൻ കാന്തനാഥനെതിരെയും നടപടി. എം കെ നാരായണനെ പ്രൊഫസറായി സ്ഥലം മാറ്റി നിയമിക്കും. കാന്തനാഥനെ സ്ഥലം മാറ്റുവും രണ്ട് വർഷത്തേക്ക് പ്രൊമോഷൻ തടയലും ഉണ്ടാകും.
ഇന്ന് ചേർന്ന ബോർഡ് ഓഫ് മാനേജ്മെന്റിന്റേതാണ് തീരുമാനം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി. ഹൈക്കോടതി ബോർഡ് ഒഫ് മാനേജ്മെന്റിന് നൽകിയ സമയം ഈ മാസം 23ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഉത്തരവ് ഉടൻ പുറത്തിറക്കും.
2024 ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശിയായ ജെ എസ് സിദ്ധാർത്ഥനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സിദ്ധാർത്ഥൻ ക്രൂര റാഗിംഗിന് ഇരയായതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 14-ന് ക്യാംപസിൽ സംഘടിപ്പിച്ച വാലന്റൈൻഡ് ഡേ പരിപാടിക്കിടെ സിദ്ധാർത്ഥൻ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായി ആരോപണം ഉണ്ടായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തായിരുന്നു സിദ്ധാർത്ഥനെ വിദ്യാർത്ഥികൾ റാഗിംഗിനിരയാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തിരുന്നു. സിദ്ധാർത്ഥന്റെ മരണം ആത്മഹത്യയെന്നായിരുന്നു സിബിഐയുടേയും കണ്ടെത്തൽ
Content Highlights: Sidharthan's death, Veterinary University officials demoted