സുല്ത്താന് ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പില് യുഡിഎഫ് അധികാരത്തിലെത്തിയാല് കുത്തക കമ്പനികളുടെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള് പട്ടികവിഭാഗങ്ങള്ക്കും മറ്റു ഭൂരഹിതര്ക്കും ഉറപ്പായും പതിച്ചുനല്കുമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്ക്കാര് പട്ടികജാതിക്കാര്ക്ക് മന്ത്രിപ്രാതിനിധ്യം കൊടുക്കാത്ത ആദ്യ സര്ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ബത്തേരിയില് ഭാരതീയ ദളിത് കോണ്ഗ്രസിന്റെ 'ശക്തിചിന്തന്' വടക്കന്മേഖല ദിദ്വിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന് പ്രതിപക്ഷ നേതാവ്.
സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞ എത്ര ഹെക്ടര് ഭൂമിയുണ്ടെന്ന് സംസ്ഥാന സര്ക്കാര് വെളിപ്പെടുത്തുന്നില്ല. ഒട്ടേറെ ഭൂരഹിതരും ഭവനരഹിതരുമുള്ള സംസ്ഥാനത്ത് തന്നെ ഭൂമി തരിശായിക്കിടക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ചില തോട്ടമുടമകള് ഭൂമി കൈവശം വെച്ച് ആദായമെടുക്കുന്നത് സര്ക്കാരിന്റെ ഒത്താശയോടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുത്തങ്ങയിലെ ദൗര്ഭാഗ്യകരമായ സംഭവത്തില് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ പിണറായി സര്ക്കാര് അധികാരത്തിലെത്തി പത്തുവര്ഷമാകുമ്പോഴും ഒരുതുണ്ട് ഭൂമി പോലും ആദിവാസികള്ക്കോ പട്ടികജാതിക്കാര്ക്കോ പതിച്ചുനല്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദളിത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി അദ്ധ്യക്ഷത വഹിച്ചു. എംഎല്എമാരായ ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്, പി കെ ജയലക്ഷ്മി, വി പി സജീന്ദ്രന് എന്നിവരും പങ്കെടുത്തു.
Content Highlights: