ആലപ്പുഴ: ആഗോള അയ്യപ്പ സംഗമം എന്ന പേരില് സര്ക്കാര് നടത്തിയ പരിപാടി സമ്പൂര്ണ പരാജയമായിരുന്നുവെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞയുടന് ആള്ക്കാര് പൊടിയും തട്ടി സ്ഥലം വിട്ടു. കസേരകള് മാത്രമായിരുന്നു ബാക്കി. ഒരു ആത്മാര്ത്ഥതയുമില്ലാതെയാണ് പരിപാടി നടത്തിയതെന്നും തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള കോണ്ക്ലേവായി കണ്ടാല് മതിയെന്നും ചെന്നിത്തല ഫേസ്ബുക്കില് കുറിച്ചു.
51 രാജ്യങ്ങളില് നിന്ന് ഭക്തന്മാര് എത്തുമെന്നായിരുന്നു സര്ക്കാരിന്റെ അവകാശവാദമെന്നും എന്നിട്ട് എവിടെ നിന്നുവന്നുവെന്നും ചെന്നിത്തല ചോദിച്ചു. ആന്ധ്രയില് നിന്നും തമിഴ്നാട്ടില് നിന്നമൊക്കെ ആയിരക്കണക്കിന് പേര് വരുമെന്നാണ് പറഞ്ഞത്. എന്നിട്ട് എന്തായി?. അയ്യപ്പന്റെ പേരില് ഇതുപോലൊരു പരിപാടി നടത്തുമ്പോള് എന്തെല്ലാം ഒരുക്കങ്ങള് നടത്തണം?. എന്നിട്ട് സര്ക്കാര് എന്തു ചെയ്തു. ഒരു മുന്നൊരുക്കങ്ങളുമില്ലാതെ, സമ്പൂര്ണ കാപട്യമായി ആണ് ഈ പരിപാടി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ആഗോള അയ്യപ്പ സംഗമം എന്ന പേരില് സര്ക്കാര് നടത്തിയ പരിപാടി സമ്പൂര്ണ പരാജയമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞയുടന് ആള്ക്കാര് പൊടിയും തട്ടി സ്ഥലം വിട്ടു. കസേരകള് മാത്രമായിരുന്നു ബാക്കി. 51 രാജ്യങ്ങളില് നിന്ന് ഭക്തന്മാര് എത്തുമെന്നായിരുന്നു സര്ക്കാരിന്റെ അവകാശവാദം. എന്നിട്ട് എവിടെ നിന്നു വന്നു. ആന്ധ്രയില് നിന്നും തമിഴ്നാട്ടില് നിന്നും ഒക്കെ ആയിരക്കണക്കിന് പേര് വരുമെന്നു പറഞ്ഞിട്ട് എന്തായി.
ഒരു ആത്മാര്ഥതയുമില്ലാതെയാണ് ഈ പരിപാടി നടത്തിയത്. അയ്യപ്പന്റെ പേരില് ഇതുപോലൊരു പരിപാടി നടത്തുമ്പോള് എന്തെല്ലാം ഒരുക്കങ്ങള് നടത്തണം. എന്നിട്ട് സര്ക്കാര് എന്തു ചെയ്തു. ഒരു മുന്നൊരുക്കങ്ങളുമില്ലാതെ, സമ്പൂര്ണ കാപട്യമായി ആണ് ഈ പരിപാടി നടത്തിയത്.രാജ്യം മുഴുവന് ഇപ്പോള് തെരഞ്ഞെടുപ്പ് കോണ്ക്ലേവ് നടക്കുകയാണല്ലോ. ഇത് അതുപോലൊരു കോണ്ക്ലേവ് ആയി കണ്ടാല് മതി. തട്ടിക്കൂട്ടു പരിപാടി.
ഈ സംഗമം നടക്കുന്നതിനു മുമ്പ് മൂന്ന് കാര്യങ്ങളില് ഗവണ്മെന്റ് തീരുമാനമെടുത്ത് പറയണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ഒന്ന്, ശബരിമല തീര്ത്ഥാടനവുമായി ബന്ധപ്പെട്ട് സ്ത്രീപ്രവേശനം അനുവദിക്കാന് പാടില്ല എന്നായിരുന്നു യുഡിഎഫ്ന്റെ നിലപാട്. അതനുസരിച്ചാണ് ഉമ്മന് ചാണ്ടിയുടെ ഗവണ്മെന്റ് സുപ്രീംകോടതിയില് സത്യവാങ്മൂലം നല്കിയത്. അത് തിരുത്തിയത് എല്ഡിഎഫ് ഗവണ്മെന്റാണ്. ആ തിരുത്തിയ സത്യവാങ്മൂലം പിന്വലിക്കാന് തയ്യാറുണ്ടോ. രണ്ട്, നാമജപഘോഷയാത്രയില് പങ്കെടുത്ത ആളുകളുടെ പേരില് ചുമത്തിയിരിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ പേരില് ചുമത്തിയിരിക്കുന്ന കേസുകള് പിന്വലിക്കുമോ? മൂന്ന്, ശബരിമലയില് നാല് കിലോ സ്വര്ണ്ണം കാണാനില്ല. ഈ സ്വര്ണ്ണം എവിടെ പോയി? ഹൈക്കോടതിയുടെ അനുവാദം പോലുമില്ലാതെ ഈ സ്വര്ണ്ണം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി എന്നാണ് പറയുന്നത്. കൊണ്ടുപോയ സ്വര്ണ്ണത്തില് നാല് കിലോ സ്വര്ണ്ണം കാണാനില്ല. ആരാണ് ഇതിനു ഉത്തരവാദി? ഇതിലൊന്നും മറുപടി പറയാതെ ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്തു പ്രയോജനമാണ് ഭക്തന്മാര്ക്കുണ്ടായത്? 9.5 വര്ഷം കേരളം ഭരിച്ചിട്ടും ശബരിമലയെ അപമാനിക്കാനും ആക്ഷേപിക്കാനും മാത്രമാണ് ഈ മുഖ്യമന്ത്രിയും ഗവണ്മെന്റും ശ്രമിച്ചത്. ഇപ്പോള് തിരഞ്ഞെടുപ്പടുത്തുവരുന്നത് കൊണ്ട് അയ്യപ്പഭക്തന്മാരുടെ പിന്തുണ കിട്ടാന് വേണ്ടിയാണ് ഈ തട്ടിക്കൂട്ട് സംഗമം നടത്തിയത്. അതാണ് ഇത് പൊളിഞ്ഞുപോയത്.
Content Highlights- Ramesh chennithala against global ayyappa sangamam