'ഒത്തുതീര്‍പ്പിന് ശേഷം വിളിച്ചുവരുത്തിയിട്ടില്ല'; അനിലിനെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി വാദം തള്ളി പൊലീസ്

അനില്‍ ജീവനൊടുക്കിയതില്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ബിജെപി

തിരുവനന്തപുരം: ജീവനൊടുക്കിയ കൗണ്‍സിലര്‍ തിരുമല അനിലിനെ പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ബിജെപി ആരോപണം തള്ളി പൊലീസ്. അനില്‍ അധ്യക്ഷനായ വലിയശാല സഹകരണ സംഘത്തില്‍ നിക്ഷേപകന്റെ ബന്ധു എത്തി ബഹളമുണ്ടാക്കിയ സംഭവം പണം കൊടുക്കാമെന്ന ധാരണയില്‍ ഒത്തുതീര്‍പ്പാക്കിയാണ് പിരിഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു.

'നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്. അയാളുമായി സംസാരിച്ച് അനില്‍ ഒത്തുതീര്‍പ്പിലെത്തി. നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്. അതിനുശേഷം ഒരിക്കല്‍പ്പോലും അനിലിനെ വിളിച്ചുവരുത്തിയിട്ടില്ല. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു മാസം മുന്‍പാണ് ഈ സംഭവം നടന്നത്' എന്നും തമ്പാനൂര്‍ പൊലീസ് പറഞ്ഞു.

എന്നാല്‍ അനില്‍ ജീവനൊടുക്കിയതില്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ബിജെപി. പൊലീസ് ഭീഷണിക്കൊടുവിലാണ് അനില്‍ ജീവനൊടുക്കിയതെന്നായിരുന്നു ബിജെപി ആരോപണം. നാളെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കും.

ശനിയാഴ്ച രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍ അധ്യക്ഷനായ വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകര്‍ക്കു കൊടുക്കണം. ഇതിന്റെപേരില്‍ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. താനും കുടുംബവും ഒരു പൈസപോലും എടുത്തിട്ടില്ലെന്നും അനിലിന്റെ കുറിപ്പിലുണ്ട്.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള ശ്രമത്തിലായിരുന്നു അനില്‍. എന്നാല്‍ വ്യക്തിബന്ധമുള്ളവര്‍ക്ക് പോലും അത്യാവശ്യത്തിന് പണം നല്‍കാനാകാത്തത് അനിലിനെ കൂടുതല്‍ മാനസിക സംഘര്‍ഷത്തിലാക്കിയിരുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. വായ്പയെടുത്തവര്‍ കൃത്യമായി പണം തിരികെ നല്‍കാത്തത് കടുത്ത പ്രതിസന്ധിയായിരുന്നു.

Content Highlights: Police reject BJP's claim that Anil was threatened

To advertise here,contact us