തിരുവനന്തപുരം: ജിഎസ്ടി നിരക്ക് കുറച്ചത് നല്ല കാര്യമെന്ന് ധനമന്ത്രി കെ എന് ബാലഗോപാല്.
ജിഎസ്ടി നിരക്കിനെ കുറിച്ച് സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചതാണെന്നും പഠിക്കാതെയുള്ള പരിഷ്കരണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നികുതി കുറച്ചതിൻ്റെ ഗുണം ജനങ്ങൾക്ക് കിട്ടണം. ഇതിൻ്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുമോയെന്നതിൽ ആശങ്കയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി പരിഷ്കരണം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ലയെന്നും കെ എന് ബാലഗോപാല് പ്രതികരിച്ചു.
നാളെ മുതൽ ജിഎസ്ടി പരിഷ്കരണം നിലവിൽ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പുതുക്കിയ ജിഎസ്ടി നിരക്ക് സാധാരണക്കാര്ക്ക് ഗുണം ചെയ്യും. എല്ലാ മേഖലയിലും പുരോഗതിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മധ്യവര്ഗത്തിനും കര്ഷകര്ക്കും ജിഎസ്ടി പരിഷ്കരണം നേട്ടമാകും. രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിക്ഷേപം ആകര്ഷമാക്കുമെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ വളര്ച്ചയ്ക്ക് ജിഎസ്ടി 2.0 വേഗം കൂട്ടും. ഒരു രാജ്യം ഒരു ടാക്സ് യാഥാര്ത്ഥ്യമായെന്നും പരിഷ്കരണം അവശ്യ സാധനങ്ങളുടെ വില കുറയ്ക്കുമെന്നും മോദി പറഞ്ഞു.
പല വിധ നികുതികളില് ദുരിതത്തിലായിരുന്നു രാജ്യത്തെ വ്യാപാരികള്. ഓരോ പ്രദേശത്തും ഓരോ നികുതിയായിരുന്നു. മുന്പ് വ്യത്യസ്ത നികുതികള് ജനങ്ങളെ പ്രയാസപ്പെടുത്തി. പല നികുതികള് ജനങ്ങളില് ഉണ്ടാക്കിയ ബുദ്ധിമുട്ട് മറികടക്കാനാണ് ജിഎസ്ടി കൊണ്ടുവന്നത്. രാജ്യത്തിന്റെ ഇന്നത്തെയും നാളത്തെയും ആവശ്യങ്ങള് പരിഗണിച്ചാണ് പരിഷ്കരണം. 12 ശതമാനം നികുതിയുണ്ടായിരുന്ന ഉല്പന്നങ്ങളില് 99 ശതമാനത്തിനും ഇനി അഞ്ച് ശതമാനം നികുതി നല്കിയാല് മതിയെന്നും മോദി വ്യക്തമാക്കിയിരുന്നു.
Content Highlight : People should get the benefit of reducing GST rates: Finance Minister KN Balagopal