പത്തനംതിട്ട: ശബരിമലയെ വിവാദ ഭൂമിയാക്കാനുളള തീരുമാനത്തില് നിന്ന് മുഖ്യമന്ത്രിയും സര്ക്കാരും പിന്മാറണമെന്ന് ആര്എസ്പി നേതാവ് എന് കെ പ്രേമചന്ദ്രന് എംപി. ആഗോള അയ്യപ്പ സംഗമം നൂറു ശതമാനം പരാജയമാണെന്നും ആഗോള വിജയമാണ് ആഗോള അയ്യപ്പ സംഗമമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന കല്ലുവെച്ച നുണയാണെന്നും എന് കെ പ്രേമചന്ദ്രന് പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് എത്ര കോടി ചിലവഴിച്ചുവെന്ന് സര്ക്കാര് ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ആഗോള അയ്യപ്പ സംഗമം സര്ക്കാര് പദ്ധതിയല്ല എന്ന വാദം തെറ്റാണ്. ജനപ്രതിനിധികളെ പരിപാടിക്ക് ക്ഷണിച്ചത് ദേവസ്വം മന്ത്രിയാണ്. സര്ക്കാര് ഇനി സാമുദായിക സംഗമം ഉടന് വിളിച്ചുചേര്ക്കും. കനകദുര്ഗയും ബിന്ദു അമ്മിണിയും മലചവിട്ടിയത് പൊറോട്ടയും ബീഫും കഴിച്ച ശേഷമായിരുന്നു. പിണറായി വിജയന് പരസ്യമായി അധിക്ഷേപിച്ച തന്ത്രിയെ തന്നെ ഇന്നലെ വിളക്ക് കൊളുത്താന് ക്ഷണിച്ചു. സിപി ഐഎമ്മിന്റെ തിരിച്ചടിയുടെ തുടക്കമാകും ആഗോള അയ്യപ്പ സംഗമം. പിണറായി വിജയന് അയ്യപ്പകോപത്തില് നിന്ന് രക്ഷപ്പെടാന് കഴിയില്ല. പിണറായി പൊതുമാപ്പ് പറയണം. ആഗോള അയ്യപ്പ സംഗമത്തിന്റെ ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. സെക്രട്ടറിയേറ്റില് കൂടാമായിരുന്ന യോഗമായിരുന്നു, പമ്പയില് അയ്യപ്പ സംഗമം നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല': എന് കെ പ്രേമചന്ദ്രന് പറഞ്ഞു.
ഏറ്റവും വലിയ ദൈവവിശ്വാസിയാണെന്ന് പറയുന്നത് കേട്ട് അഭിമാനം കൊളളുന്ന പി ബി അംഗമാണ് പിണറായി വിജയനെന്നും സിപി ഐഎം-ബിജെപി ആര്എസ്എസ് ബാന്ധവും പുറത്തുവരുന്നതാണ് ആഗോള അയ്യപ്പ സംഗമമെന്നും എന് കെ പ്രേമചന്ദ്രന് പറഞ്ഞു. 'യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ സിപിഐഎം-ബിജെപി ബാന്ധവത്തിന്റെ തെളിവാണ്. യോഗി ആദിത്യനാഥിന്റെ ആശംസ വായിക്കുമ്പോള് വി എന് വാസവന് സന്തോഷമാണ്. പ്രധാനമന്ത്രിയുമായി എംപി എന്ന നിലയില് ചര്ച്ച നടത്തിയതിനെ വിവാദമാക്കിയവരാണ് ഇപ്പോള് യോഗി ആദിത്യനാഥിനെ ക്ഷണിച്ചത്': പ്രേമചന്ദ്രന് കൂട്ടിച്ചേര്ത്തു.
Content Highlights: NK Premachandran against Pinarayi Vijayan and LDF government conducting global ayyappa sangamam