'ഞങ്ങള്‍ വാക്കുപാലിച്ചു'; ഭവനരഹിതരായ 394 കുടുംബങ്ങള്‍ക്ക് തുരുത്തിയില്‍ പുതിയ ഫ്‌ളാറ്റെന്ന് കൊച്ചി മേയര്‍

തുരുത്തിയില്‍ രണ്ട് ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്

കൊച്ചി: ഭൂരഹിതരും ഭവനരഹിതരുമായവർക്ക് കൊച്ചി തുരുത്തിയിൽ നിർമ്മിച്ച പുതിയ ഫ്ലാറ്റിൻ്റെ നിർമ്മാണം പൂര്‍ത്തിയായതായി കൊച്ചി മേയർ എം അനിൽകുമാർ. തങ്ങൾ വാക്കുപാലിച്ചുവെന്നും നിസ്വരായ ജനങ്ങൾ ഇനി അഭിമാനത്തോടെ പുതിയ ഭവനങ്ങളിൽ താമസിക്കുമെന്നും എം അനിൽകുമാർ പറഞ്ഞു.

ഫ്ലാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 27 വൈകുന്നേരം അഞ്ച് മണിക്ക് നിർവ്വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമാണ് കൊച്ചി നഗരസഭ തുരുത്തിയിൽ പുതിയ ഫ്ലാറ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഭൂരഹിതരും ഭവന രഹിതരുമായ 394 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നതെന്നും മേയർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.

തുരുത്തിയില്‍ രണ്ട് ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയും, രണ്ടാമത്തെ സമുച്ചയം സിഎസ്എംഎല്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. 10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍, നഗരസഭ നിര്‍മ്മിച്ച ഒന്നാമത്തെ ടവറിൻ്റെ നിർമ്മാണ ചെലവ് 41.74 കോടി രൂപയാണ്.

11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, രണ്ട് ടോയ്‌ലെറ്റുകൾ എന്നിവയാണുള്ളത്. 81 പാര്‍ക്കിംഗ് സ്ലോട്ടുകള്‍, 105 കെഎല്‍ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, മൂന്ന് എലവേറ്ററുകള്‍, മൂന്ന് സ്റ്റെയര്‍ കേസുകള്‍ എന്നിവയുമുണ്ട്. ഒന്നാം നിലയിൽ 150 ചതുരശ്ര മീറ്ററും 11-ാം നിലയില്‍ 800 ചതുരശ്ര മീറ്ററും വീതവുമുള്ള കോമണ്‍ ഏരിയകൾ ഉണ്ട് . ഈ ഫ്ളാറ്റ് സമുച്ചയത്തിന് താഴെ ഒരു അങ്കണവാടിയും 14 കടമുറികളും ഉണ്ട്. രണ്ട് സമുച്ചയങ്ങളിലും ലിഫ്റ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 44.01 കോടി രൂപ ചെലവഴിച്ചാണ് രണ്ടാമത്തെ ടവറിന്റെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരു പൊതുമുറ്റത്തിന് ചുറ്റുമായി 13 നിലകളില്‍, ആകെ 195 പാര്‍പ്പിട യൂണീറ്റുകളാണ് ഉള്ളത്. ഓരോ നിലയിലും 15 യൂണീറ്റുകള്‍ വീതമുണ്ട്. താഴത്തെ നിലയില്‍ 18 കടമുറികളും, പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. മൂന്ന് ലിഫ്റ്റുകളും ഗോവണിപ്പടികളുമുള്ള ടവര്‍ 10221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പണിതിരിക്കുന്നത്. ഓരോ പാർപ്പിട യൂണിറ്റുകൾക്കും , 350 അടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട് . ടവറിന്‍റെ റൂഫ് ടോപ്പില്‍ കോമണ്‍ ഏരിയയില്‍ സോളര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. 68 കാറുകളും, 17 ബൈക്കുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Content Highlight : New flats for 394 homeless families in Thuruthi; Chief Minister to inaugurate on September 27

To advertise here,contact us