തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ആളുകള് കുറവായിരുന്നുവെന്ന വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. 4600 ആളുകള് പങ്കെടുത്താല് പോരെയെന്ന് അദ്ദേഹം ചോദിച്ചു.
കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന മാധ്യമങ്ങളുണ്ട്. ശുദ്ധ അസംബന്ധമാണ്. നാണവും മാനവും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. കോണ്ഗ്രസ് ആണ് പ്രചരിപ്പിക്കുന്നത്. ലോകപ്രശസ്തമായ വിജയമാണ് സംഗമത്തിന്റേത്. എന്തെങ്കിലും കൊടുക്കുന്നതിന് നാണവും മാനവും വേണം. ജനങ്ങള് ഇതെല്ലാം കാണുന്നുണ്ട്. ഒഴിഞ്ഞ കസേരകള് എഐ ദൃശ്യങ്ങളാവുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ദാദാ സാഹേബ് ഫാല്ക്കേ പുരസ്കാരം നേടിയ മോഹന്ലാലിന്റെ നേട്ടത്തെ എം വി ഗോവിന്ദന് അഭിനന്ദിച്ചു. കേരളത്തിന്റെ ആവേശകരമായ നേട്ടമാണ്. മോഹന്ലാലിന് അഭിനന്ദനങ്ങള്. ഇന്നലെ ലാലിനെ വിളിച്ച് അഭിനന്ദിച്ചെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം ഫ്ളോപ്പാണെന്ന ആരോപണത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി വി എന് വാസവന് രംഗത്തെത്തിയിരുന്നു. ചടങ്ങില് പങ്കെടുത്ത ആളുകളുടെ കണക്ക് സഹിതമാണ് മന്ത്രിയുടെ മറുപടി. ആഗോള അയ്യപ്പ സംഗമത്തില് 4126 പേര് പങ്കെടുത്തതായി മന്ത്രി വിശദീകരിച്ചു.
സംഘാടകര് പ്രതീക്ഷിച്ചതിനേക്കാള് പങ്കാളിത്തം കൊണ്ട് സംഗമം വലിയ വിജയമായെന്ന് മന്ത്രി പറഞ്ഞു. വിദേശത്തുനിന്നടക്കം 3000 പ്രതിനിധികള് പങ്കെടുക്കുമെന്നാണ് നേരത്തേ റിപ്പോര്ട്ടുകളുണ്ടായിരുന്നത്. ഇവര്ക്കെല്ലാം ഇരിക്കാനാകും വിധമുള്ള മികച്ച സൗകര്യത്തോടെയായിരുന്നു വേദിയടക്കം സജ്ജമാക്കിയിരുന്നത്. എന്നാല് രജിസ്ട്രേഷന് തന്നെ അയ്യായിരത്തിനടുത്തെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.
4126 പേരാണ് രജിസ്റ്റര് ചെയ്തത്. 1819 പേര് കേരളത്തില്നിന്നുള്ളവരും 2125 പേര് കേരളത്തിന് പുറത്തുനിന്നുള്ളവരുമായിരുന്നു. 182 അന്താരാഷ്ട്ര പ്രതിനിധികളാണ് ആഗോള സംഗമത്തില് പങ്കാളികളായത്. വിദേശത്ത് നിന്ന് ഏറ്റവും കൂടുതല് ആളുകള് പങ്കെടുത്തത് ശ്രീലങ്കയില് നിന്നാണ്. 39 പേരാണ് ശ്രീലങ്കയില് നിന്നെത്തിയത്. മലേഷ്യയില് നിന്ന് 13 പേരും അമേരിക്കയില് നിന്ന് അഞ്ച് പേരുമാണ് സംഗമത്തില് പങ്കെടുത്തത്.
അബുദാബിയില് നിന്ന് 18 പേരും ദുബായില്നിന്ന് 16 പേരും സംഗമത്തിനെത്തി. ഷാര്ജ-19, അജ്മാന് -മൂന്ന്, ബഹ്റൈന്- 11, ഒമാന്- 13 ഖത്തര്- 10, സിംഗപ്പൂര്- എട്ട്, കാനഡ- 12, യുകെ- 13, സൗദിയില് നിന്ന് രണ്ട് പേര് എന്നിങ്ങനെയാണ് സംഗമത്തിനെത്തിയത്. ഇതര സംസ്ഥാനങ്ങളില് നിന്ന് 2125 പേരാണ് ആഗോള അയ്യപ്പ സംഗമത്തിനെത്തിയത്. തമിഴ്നാട്ടില്നിന്ന് 1545 പേരും ആന്ധ്രയില്നിന്ന് 90 പേരുമാണ് സംഗമത്തിനെത്തിയത്. തെലങ്കാനയില്നിന്ന് 182 പേരും കര്ണാടകയില്നിന്ന് 184 പേരുമെത്തി. മഹാരാഷ്ട്ര 43, പോണ്ടിച്ചേരി 53, ഉത്തര്പ്രദേശില്നിന്നും ഗുജറാത്തില്നിന്നും നാല്പേര് വീതമാണ് എത്തിയത്. ഡല്ഹിയില് നിന്ന് രണ്ട് പേരും ഹരിയാനയി ല്നിന്ന് ഒരാളും എത്തിയപ്പോള് ഒഡീഷയില് നിന്ന് 12 പേരാണ് സംഗമത്തിനെത്തിയത്. ഛത്തീസ്ഗഡില് നിന്ന് നാല് പേരും അസമില്നിന്ന് ഒരാളും എത്തി.
ഉദ്ഘാടന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വേദിവിട്ടതോടെ കസേരകള് കാലിയായെന്നും പിന്നീട് നടന്ന സെമിനാറുകള് എല്ലാം ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയാണ് നടന്നത് എന്നുമായിരുന്നു ഉയര്ന്ന ആരോപണം. പരിപാടിയില് കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ഇതിനിടെയാണ് സംഗമത്തില് പങ്കെടുത്തവരുടെ കണക്ക് മന്ത്രി പുറത്തുവിട്ടത്. പരാതിരഹിതമായാണ് സംഗമം നടന്നതെന്നും നേരത്തെ 3000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കില് രജിസ്ട്രേഷന് അയ്യായിരത്തിനടുത്ത് എത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അയ്യായിരത്തോളം കസേരകളും ഇവിടെ സജ്ജമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി സംഗമത്തിന് തിരി തെളിയിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങുകള്ക്ക് തുടക്കം കുറിച്ചത്. തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് അധ്യക്ഷത വഹിച്ചത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് മൂന്ന് സെഷനുകളായാണ് ചര്ച്ചകള് സംഘടിപ്പിച്ചത്. ശബരിമല മാസ്റ്റര്പ്ലാന്, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രണം എന്നിവയെ കുറിച്ച് സംഗമത്തില് ചര്ച്ച നടന്നു.
Content Highlights: MV Govindan refutes claim that there are no people for Ayyappa Sangamam