കെ ജെ ഷെെന്‍റെ പരാതിയിലെ കേസിന് പിന്നാലെ കടുത്ത സെെബർ ആക്രമണമെന്ന് ഗോപാലകൃഷ്ണന്‍റെ കുടുംബം; പരാതി നൽകി

ബന്ധുക്കളെ മുഴുവനായും വേട്ടയാടുകയാണെന്നും പരാതിയില്‍ പറയുന്നു

കൊച്ചി: കുടുംബം രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന പരാതിയുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ കുടുംബം. സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ പ്രതിയാണ് ഗോപാലകൃഷ്ണന്‍. പറവൂര്‍ പൊലീസിനും റൂറല്‍ സൈബര്‍ പൊലീസിനുമാണ് സി കെ ഗോപാലകൃഷ്ണന്‍റെ കുടുംബം പരാതി നല്‍കിയത്.

ഭിന്നശേഷിക്കാരിയായ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഫോട്ടോ പ്രചരിപ്പിച്ച് ലൈംഗികാധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നുമാണ് ഷെർളി ഗോപാലകൃഷ്ണന്‍റെ പരാതി. ബന്ധുക്കളെ മുഴുവനായും വേട്ടയാടുകയാണെന്നും പരാതിയില്‍ പറയുന്നു.

പി എസ് രാജേന്ദ്രപ്രസാദ്, സാദ്വിക സിദ്, ഏണസ്റ്റോ ചെ എന്ന ഫേസ്ബുക്ക് പേജ് അഡ്മിന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഭിന്നശേഷിക്കാരിയായ തന്നെയും ഭര്‍ത്താവിനെയും മകളെയും കുടുംബാംഗങ്ങളെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ലൈംഗികാധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഷൈനിന്റെ പരാതിയില്‍ സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും കൊച്ചി സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്. കെ ജെ ഷൈനെതിരായ സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനല്‍ വാര്‍ത്തകളും പ്രത്യേക സംഘം പരിശോധിച്ചുവരികയാണ്.

Content Highlights: k j shine teacher case accussed C K Gopalakrishnan complains of facing cyber attack

To advertise here,contact us