ഫിറോസും കുഞ്ഞാലിക്കുട്ടിയും ജയിലില്‍ പോയതിന് ശേഷം താന്‍ സന്ദര്‍ശിക്കാന്‍ പോകും: കെ ടി ജലീല്‍

സാമ്പത്തിക അഴിമതികള്‍ ലീഗുകാരുടെ സ്ഥിരം തൊഴിലാണെന്നും കെ ടി ജലീല്‍

മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് വിചാരിച്ചാല്‍ തന്നെ ജയിലില്‍ ആക്കാന്‍ സാധിക്കില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ. പി കെ ഫിറോസും പി കെ കുഞ്ഞാലിക്കുട്ടിയും ജയിലില്‍ പോയതിന് ശേഷം അവരെ സന്ദര്‍ശിക്കാന്‍ താന്‍ പോകും. അതിനാണ് തവനൂരില്‍ ജയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു.

സാമ്പത്തിക അഴിമതികള്‍ ലീഗുകാരുടെ സ്ഥിരം തൊഴിലാണ്. പിരിവ് നടത്തി ലീഗ് പ്രവര്‍ത്തകരെ തന്നെ കബളിപ്പിക്കുന്ന നയമാണ് കുറേക്കാലമായി അവര്‍ തുടരുന്നത്. ഇപ്പോള്‍ പുതിയ പേരില്‍ യൂത്ത് ലീഗ് ദേശീയ സമിതി പിരിവിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു. പി കെ ഫിറോസ് യുഎഇ സര്‍ക്കാരിനെയും വഞ്ചിക്കുകയാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ അതൊന്നും ചെയ്യരുത്. ഇങ്ങനെ തോന്നിവാസം ചെയ്യുന്നവര്‍ ലീഗില്‍ മാത്രമെ ഉണ്ടാകൂ. തന്റെ വാര്‍ത്താ സമ്മേളനം കേട്ട് തന്നെ ഇ ഡി കേസെടുത്തോളും. ഹവാല ബിസിനസുകള്‍ ഉള്‍പ്പടെ ഇഡി പരിശോധിച്ചോളും. ലീഗിലെ സാമ്പത്തിക കുറ്റം ഹലാലായ കാര്യമാണെന്നും കെ ടി ജലീല്‍ വിമര്‍ശിച്ചു.

മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിക്ക് പഞ്ചായത്തിന്റെ അനുമതിയില്ലെന്ന് കെ ടി ജലീല്‍ ആവര്‍ത്തിച്ചു. പദ്ധതിയില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് കൊടുത്തിട്ടുണ്ട്. അവര്‍ക്ക് നിര്‍മ്മാണ അനുമതി ലഭിച്ചിട്ടില്ല. ഒരാഴ്ചക്കകം മറുപടി കൊടുക്കണം എന്ന് ആണ് ആവശ്യമെന്നും കെ ടി ജലീല്‍ പറഞ്ഞു.

Content Highlights: financial corruption is the regular job of Muslim League alleges K T Jaleel

To advertise here,contact us