കൊല്ലത്ത് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മര്‍ദ ഗുളിക റബര്‍ പോലെ വളയുന്നുവെന്ന് പരാതി

കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിതരണം ചെയ്ത ഗുളിക സംബന്ധിച്ചാണ് പരാതിയുയര്‍ന്നിരിക്കുന്നത്

കൊല്ലം: കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മര്‍ദ ഗുളിക റബര്‍ പോലെ വളയുന്നുവെന്ന് പരാതി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത ഗുളികകള്‍ ഒടിക്കാന്‍ കഴിയാതെ റബര്‍ പോലെ വളയുന്നുവെന്നാണ് ആരോപണം. രോഗികള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതോടെ ഗുളികയുടെ വിതരണം നിര്‍ത്തി. കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിതരണം ചെയ്ത ഗുളിക സംബന്ധിച്ചാണ് പരാതിയുയര്‍ന്നിരിക്കുന്നത്.

ഗുളിക കൂടുതല്‍ പരിശോധനകള്‍ക്കായി ഡ്രഗ്‌സ് ലാബിലേക്ക് അയച്ചു. ഗുളിക കഴിച്ച നിരവധിപേര്‍ക്ക് അമിത ഉറക്കവും ശരീര വേദനയും അനുഭവപ്പെട്ടു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിയതെന്ന് ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ഒരു വീട്ടില്‍ നിന്ന് വിളിച്ച് ഗുളിക പ്രശ്‌നമാണെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞങ്ങള്‍ ആ വീട്ടിലേക്ക് പോയി. മരുന്ന് അവര്‍ പറഞ്ഞതുപോലെ ഫെള്കിസിബിള്‍ ആണ്. ഒടിക്കാന്‍ നോക്കുമ്പോള്‍ വളയുകയായിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കണ്ടു. ഈ മരുന്ന് കൊടുക്കരുതെന്ന് നിര്‍ദേശം നല്‍കി. ഈ മരുന്ന് ആര്‍ക്കൊക്കെ കൊടുത്തിട്ടുണ്ടോ അവരോട് മരുന്ന് കഴിക്കരുതെന്ന് നിര്‍ദേശവും കൊടുക്കാന്‍ പറഞ്ഞു': പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മെറ്റോപ്രോലല്‍ എന്നാണ് ഈ മരുന്നിന്റെ പേര്. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനാണ് മെറ്റോപ്രോലര്‍ ഉപയോഗിക്കുന്നത്.

Content Highlights: Complaint alleges blood pressure pills distributed through Family Health Center bend like rubber

To advertise here,contact us